
 കൃത്രിമ പാറക്ഷാമം ബാഹ്യഇടപെടൽ മൂലം
കൊല്ലം: കൃത്രിമ പാറക്ഷാമം സൃഷ്ടിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾ തടയുന്നതിന് ബാഹ്യഇടപെടലുകളെന്ന് സംശയം. വലിയ മദർഷിപ്പുകൾ അടുക്കുന്ന തുറമുഖങ്ങൾ രാജ്യത്ത് നിലവിലില്ലെന്നിരിക്കെ ഇത്തരം തുറമുഖം വിഴിഞ്ഞത്ത് നിർമ്മിക്കുന്നത് വിദേശതുറമുഖങ്ങൾക്ക് ഭീഷണിയാകുമെന്നതാണ് ബാഹ്യ ഇടപെടലുകളെന്ന് സംശയിക്കാൻ കാരണം. പാറ ഖനനത്തിനെതിരെ സമരം നടത്തുന്നതിനും ദൂരപരിധിയുടെ പേരിൽ കടുംപിടുത്തം തുടരുന്നതുമെല്ലാം സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആക്ഷേപം ശക്തമാണ്.
 വിദേശ ഇടപെടലിന് പിന്നിൽ
വിഴിഞ്ഞം തുറമുഖത്ത് ബ്രേക്ക് വാട്ടർ പദ്ധതി പൂർത്തീകരണത്തിന് എൺപത് ലക്ഷം മെട്രിക് ടൺ പാറയാണ് ആവശ്യമുള്ളത്. 2019 ഡിസംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതി പാറ ക്ഷാമം മൂലമാണ് വൈകുന്നത്. അതേസമയം ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം വിഴിഞ്ഞത്തിനൊപ്പം കിടപിടിക്കുന്നതാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകുന്നത് പ്രയോജനപ്പെടുത്താനാണ് ശ്രീലങ്കൻ നീക്കം. നിലവിൽ ദുബയ്, സിംഗപ്പൂർ, കൊളംബോ തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ വിദേശവ്യാപാര മേഖല പ്രവർത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂർത്തിയായാൽ ഈ തുറമുഖങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനം പൂർണമായും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.
 ശ്രീലങ്കയിലെ തുറമുഖം
1. തെക്കൻ പ്രവിശ്യയിലെ ഹമ്പന്തോഡയിൽ
2. 2017 ജൂലായ് 29 മുതൽ 99 വർഷത്തേക്ക് നിയന്ത്രണം ചൈനയ്ക്ക്
3. ആദ്യഘട്ടത്തിൽ 361 ബില്യൺ അമേരിക്കൻ ഡോളറിന്റെ നിർമ്മാണ പ്രവൃത്തികൾ
4. 85 ശതമാനം തുക ചെലവാക്കുന്നത് ചൈനയിലെ എക്സിം ബാങ്ക്
5. ആദ്യമായി തുറമുഖത്ത് എത്തിയത് ജെറ്റ് ലൈനർ നാവിക കപ്പൽ (2010ൽ)
6. സ്വാഭാവിക ആഴം - 17 മീറ്റർ