
കൊല്ലം . കെ.സി.സി.സി വൈസ് പ്രസിഡന്റ് പി.സി .വിഷ്ണുനാഥ് ഒടുവിൽ കുണ്ടറയിൽ ഉറച്ചു. ആദ്യം കൊല്ലത്തേയ്ക്ക് പിരിഗണിച്ച വിഷ്ണുനാഥിനെ പിന്നീട് പല മണ്ഡലങ്ങളിൽ മൽസരിപ്പിക്കാൻ ശ്രമിച്ചു. വട്ടിയൂർക്കാവിലും , കുണ്ടറയിലും പരിഗണിച്ചെങ്കിലും ഒടുവിൽ കുണ്ടറയിൽ ഉറയ്ക്കുകയായിരുന്നു.
ബിന്ദു കൃഷ്ണയെ കൊല്ലത്ത് പരിഗണിക്കാൻ നേതൃത്വം നിർബന്ധമായപ്പോൾ വിഷ്ണുവിന് ഉറച്ച മണ്ഡലം തേടുകയായിരുന്നു എ ഗ്രൂപ്പ്. മറ്റ് മണ്ഡലങ്ങളിൽ മൽസരിക്കുന്നതിനെക്കാൾ വിജയ സാധ്യത കൂടുതൽ കുണ്ടറയിലാണെന്നാണ് കണ്ടെത്തിയത്. വർഷങ്ങളായി കുണ്ടറയിൽ നിലനിൽക്കുന്ന ഇടതു മേധാവിത്വം അവസാനിപ്പിക്കാൻ വിഷ്ണുനാഥിനെ കുണ്ടറയിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൊല്ലം ഡി.സി.സി ഓഫീസിനുമുകളിൽ കയറി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. വിഷ്ണുനാഥിന് കുണ്ടറയിൽ വിജയ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം നടത്തിയ അന്വേഷണങ്ങളിലും ബോധ്യപ്പെട്ടെന്നാണ് ഭാഷ്യം.
ബിന്ദുകൃഷ്ണയെ മാറ്റി കൊല്ലത്ത് വിഷ്ണുവിനെ മൽസരിപ്പിച്ചാൽ അത് വോട്ട് ചോരാനും പ്രവർത്തകർക്കിടയിൽ മാന്ദ്യത്തിനും ഇടയാക്കുമെന്ന തിരിച്ചറിവാണ് ബിന്ദുവിന് തന്നെ സീറ്റ് നൽകിയതിന് പിന്നിൽ. കൊട്ടാരക്കര പുത്തൂരിനടുത്തെ മാവടിയാണ് വിഷ്ണുവിൻറെ സ്വദേശം.അച്ചന് വാട്ടർ അതോറിറ്റിയിൽ ജോലിയായതിനാൽ താമസം ശാസ്താംകോട്ടയിലായിരുന്നു.
ദേവസ്വം ബോർഡ് കോളേജിൽ പഠിക്കുമ്പോൾ,കെ.എസ്.യു വിലൂടെ സംഘടനാമികവ് കാട്ടി. പിന്നീട് യുണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി.. വളരെ വേഗം കെ.എസ് .യു സംസ്ഥാന പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായി. കെ.പി.സി.സിയുടെ നേതൃനിരയിലേയ്ക്ക് ഉയർന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ വിഷ്ണുനാഥ് ശാസ്താംകോട്ടയിലെ താമസം മതിയാക്കിയത് ചെങ്ങന്നൂരിൽ എം.എൽ.എയായ ശേഷമാണ്. മൂന്നാം മൽസരത്തിൽ ചെങ്ങന്നൂരിൽ തോറ്റതിനെത്തുടർന്ന് സംഘടനാ രംഗത്ത് കൂടുതൽ സജീവമായി. അതിനിടെ എ.എെ.സി.സി സെക്രട്ടറിയായും നിയമിതനായി.