deepam
കുണ്ടറ പെരുമ്പുഴ ശങ്കരാചാര്യ മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരിയുടെ നേതൃത്വത്തിൽ നടക്കുന്ന ചതുർമാസ്യ നവരാത്രി മഹോത്സവത്തിനും ദ്വിതീയ നവാഹയജ്ഞത്തിനും ഗസൽ ഗായകൻ ശ്രീനിവാസൻ ഭദ്രദീപം തെളിക്കുന്നു

 സ്വാമി വിജേന്ദ്രപുരി സനാതന ധർമ്മ പ്രചാരകനെന്ന് ഗസൽ ഗായകൻ ശ്രീനിവാസൻ

കൊല്ലം: കുണ്ടറ പെരുമ്പുഴ ശങ്കരാചാര്യ മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരിയുടെ നേതൃത്വത്തിൽ നടക്കുന്ന ചതുർമാസ്യ നവരാത്രി മഹോത്സവത്തിനും ദ്വിതീയ നവാഹയജ്ഞത്തിനും തുടക്കമായി. ഗസൽ ഗായകൻ ശ്രീനിവാസൻ ഭദ്രദീപം തെളിച്ചു.

സനാതന ധർമ്മത്തിന്റെ ശക്തനായ പ്രചാരകനാണ് സ്വാമി സൗപർണിക വിജേന്ദ്രപുരിയെന്ന് ശ്രീനിവാസൻ പറഞ്ഞു. ഏതെങ്കിലും മതവിശ്വാസത്തിലോ ഗ്രന്ഥങ്ങളിലോ ഒതുങ്ങാത്ത സനാതന ധർമ്മത്തിലൂടെ സഞ്ചരിച്ചാൽ ദുഃഖം ഇല്ലാതാകും. രണ്ടുമാസം മുൻപാണ് സ്വാമി സൗപർണിക വിജേന്ദ്രപുരിയെ നേരിൽ കണ്ടത്. അദ്ദേഹം അനുഗ്രഹിച്ചപ്പോൾ ദിവ്യമായ ഒരു അനുഭൂതിയാണ് ഉണ്ടായതെന്നും ശ്രീനിവാസൻ പറഞ്ഞു.

സ്വാമി സൗപർണിക വിജേന്ദ്രപുരി, ഖത്തർ എൻജിനിയറിംഗ് ലബോറട്ടറി ഉടമയും ശ്രീശങ്കരാചാര്യ മഠം അദ്ധ്യക്ഷനുമായ ബാബുരാജ്, തെലുങ്ക് ചലച്ചിത്ര നി‌ർമ്മാതാവ് നാരായൺ റാവു അട്ലൂരി, ഹിന്ദു ആചാര്യസഭ ദേശീയ ഡയറക്ടർ രാഹുൽ ആദിത്യ, ദേശീയ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ആദിത്യലാൽ, ശ്രീശങ്കരാചാര്യമഠം ട്രഷറർ ജയകുമാരി, ഹിന്ദു ആചാര്യസഭ ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് സൗഗന്ധികം, യജ്ഞാചാര്യൻ സ്വാമി ഭുവനേന്ദ്ര ഭാരതി തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട് നടന്ന നവരാത്രി പൂജകളിൽ പങ്കെടുക്കാൻ നൂറ് കണക്കിന് ഭക്തർ മഠത്തിലേക്കെത്തി. പൂജകൾക്ക് മുന്നോടിയായി സ്വാമി സൗപർണിക വിജേന്ദ്രപുരി അനുഗ്രഹ പ്രഭാഷണം നടത്തി. 26നാണ് ചതു‌ർമാസ്യ നവരാത്രി ആഘോഷ സമാപനം. അതുവരെ ചണ്ടികായാഗം, അഷ്ടമലക്ഷ്മി ശ്രീവിദ്യാപൂജ, കനകധാരായജ്ഞം എന്നിവ നടക്കും. ദാരിദ്ര്യ നിർമ്മാർജ്ജനം, സമൃദ്ധി, ഐശ്വര്യം, ആരോഗ്യം, കൃഷി, വ്യവസായ അഭിവൃദ്ധി, സന്താനഭാഗ്യം എന്നിവയ്ക്കാണ് ഇവ നടത്തുന്നത്. വരും ദിവസങ്ങളിൽ നവരാത്രി പൂജകളിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ മഠത്തിലെത്തും.