പുനലൂർ: തമിഴ്നാട്ടിൽ നിന്ന് പിക് അപ്പ് വാനിൽ ചില്ലറ വിൽപ്പനക്കായി കടത്തി കൊണ്ട് വന്ന 3.700 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്നാണ് കഞ്ചാവുമായി എത്തിയ പ്രതികളെ പിടി കൂടിയത്. പുനലൂർ ചരുവിള പുത്തൻ വീട്ടിൽ അലുവ ഷാജി എന്ന ഷാനവാസ്(34), കല്ലുമല സമദ് മൻസിലിൽ അബ്ദുൽ ഫസക്ക്(26),ചരുവിളപുത്തൻ വീട്ടിൽ അലൻ ജോർജ്ജ്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 6.15ന് തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് കാലിയായി വന്ന പിക് അപ്പ് വാനിന്റെ ബോണറ്റിന്റെ ഉള്ളിലെ എൻജിനിടക്ക് മൂന്ന് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.ലോഡ് കയറ്റാതെ എത്തിയാൽ ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ നിന്ന് ഒഴിവാകാമെന്ന കണക്ക് കൂട്ടലിലാണ് മൂവരും കഞ്ചാവുമായി ആര്യങ്കാവ് വഴി എത്തിയത്.എന്നാൽ വാഹനം പൊലീസ് പരിശോധിക്കാൻ തുടങ്ങിയപ്പോൾ ഡ്രൈവർ ഷാനവാസ് ഓടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞു.പിടികൂടിയ മൂന്ന് പ്രതികളെയും തെന്മല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇവർ പുനലൂർ പൊലീസ് സ്റ്റേഷനിൽ തന്നെ നിരവധി കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കഞ്ചാവ് പുനലൂരിൽ എത്തിച്ച ശേഷം പൊതികളിലാക്കി കച്ചവടം നടത്താനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ചെക്ക്പോസ്റ്റിലെ എസ്.ഐ.അനിർഷ, സി.പി.ഒമാരായ മനു, ഗോപൻ, അജിത്ത്, സുധീഷ, തെന്മല സി.ഐ.റിക്സ് വർഗീസ്, എസ്.ഐ.ശാലു, എ.എസ്.ഐ പ്രതാപൻ, ഷാജി അലക്സ്, അനൂപ്, അനീഷ്,ചിന്തു, രാജേഷ്ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. വൈകിട്ട് മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി.