
ചാത്തന്നൂർ: 'വിലയാധാരം വാങ്ങിയ പുരയിടം രേഖകളിൽ പുറമ്പോക്ക് ഭൂമിയായതെങ്ങനെ' എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പരസ്‌പര ബന്ധമില്ലാത്ത മറുപടി നൽകി വില്ലേജ് ഓഫീസറുടെ അനാസ്ഥ. പരാതിക്കാരിയായ വീട്ടമ്മയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന് വില്ലേജ് ഓഫീസർ നൽകിയ മറുപടിക്ക് ചോദ്യവുമായുള്ള വൈരുദ്ധ്യം തിരിച്ചറിഞ്ഞ ആർ.ഡി.ഒ കൃത്യമായ റിപ്പാർട്ട് സമർപ്പിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
വേളമാനൂർ കുറ്റിക്കാട്ട് വീട്ടിൽ സുശീലാദേവിയാണ് (69) ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ മൂലം ദുരിതമനുഭവിക്കുന്നത്. സുശീലാദേവിയുടെ ഭർത്താവ് സുകുമാരൻ 1984ൽ വാങ്ങുകയും 1985ൽ ദേശസാത്കൃത ബാങ്കിൽ വായ്പയെടുക്കാൻ ഈടുനൽകുകയും ചെയ്ത വസ്തുവാണ് റവന്യൂ രേഖകളിൽ പുറമ്പോക്കായി പരിണമിച്ചത്. 35 വർഷമായി ഇതേ പുരയിടത്തിലെ വീട്ടിലാണ് സുശീലാദേവിയും മക്കളും താമസിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഭൂമിയുടെ അവകാശത്തിനായി അപേക്ഷ നൽകിയപ്പോഴാണ് വസ്തു തോട്ടുപുറമ്പോക്കിൽ ഉൾപ്പെടുത്തിയതായി സുശീലാദേവി അറിയുന്നത്.
ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2020 മേയിൽ സുശീലാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് താലൂക്ക് സർവേയറോട് വിശദാംശം തേടി. ഈ കത്ത് താലൂക്ക് സർവേയർ വസ്തു സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജ് ഓഫീസർക്ക് അയച്ചു. ഇതേകാര്യത്തിൽ ആർ.ഡി.ഒയും വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതിന് മറുപടി നൽകുന്നതിന് പകരം ഒപ്പം താമസിക്കുന്ന മക്കൾ സുശീലാദേവിയെ സംരക്ഷിക്കുന്നില്ലെന്ന് വില്ലേജ് ഓഫീസർ തെറ്റായ റിപ്പോർട്ട് നൽകി.
തുടർന്ന് ആർ.ഡി.ഒ ഹിയറിംഗിന് ഹാജരാകണമെന്ന് നിർദ്ദേശിച്ച് സുശീലാദേവിയുടെ മകന് നോട്ടീസ് അയച്ചു. അന്വേഷണത്തിൽ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും ആവശ്യപ്പെട്ട ചോദ്യത്തിനല്ല മറുപടി നൽകിയതെന്നും തിരിച്ചറിഞ്ഞതോടെ മേൽനടപടിക്ക് തഹസിൽദാരെ ചുമതലപ്പെടുത്തുകയായിരുന്നു.