photo
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രനെ കർഷക തൊഴിലാളി മാലയിട്ട് സ്വീകരിക്കുന്നു

കരുനാഗപ്പള്ളി : അസംബ്ളി നിയോജക മണ്ഡലം കൺവെൻഷനുകൾ കഴിഞ്ഞതോടെ കരുനാഗപ്പള്ളിയിൽ ഇരു മുന്നണികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. കൊടും വേനലിനെപ്പോലും വകവെയ്ക്കാതെയാണ് ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്നത്. പുലർച്ചെ ആരംഭിക്കുന്ന പര്യടനം രാവേറെ ചെല്ലുമ്പോഴാണ് അവസാനിക്കുന്നത്. വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമമാണ് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും നടത്തുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷ് 19 നാണ് പത്രിക നൽകുന്നത്.

സ്ഥാനാർത്ഥിയെ കാത്ത് ബി.ജെ.പി

ബി.ജെ.പി ഇനിയും തിരഞ്ഞെടുപ്പ് ചിത്രത്തിൽ എത്തിയിട്ടില്ല. 19 ന് മുമ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ബി.ജെ.പി ചുവരുകൾ ബുക്ക് ചെയ്തി സ്ഥാനാർത്ഥിയെ കാത്തിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി ആർ .രാമചന്ദ്രൻ പ്രധാന കേന്ദ്രങ്ങളിൽ എത്തി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ 5 ദിവസമായി തുടരുന്ന പര്യടന പരിപാടി കഴിഞ്ഞ ദിവസം തഴവാ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പാവുമ്പാ മേഖലയിലായിരുന്നു. രാവിലെ പാവുമ്പാ ചുരുളിയിൽ നിന്ന് ആരംഭിച്ച പര്യടനം വിവിധ കോളനികൾ, പാലമൂട് ജംഗ്ഷൻ പാവുമ്പാ പാലം, തൊഴിലുറപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനംനടത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും ആർ.രാമചന്ദ്രനെ അനുഗമിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷ് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. പുതിയകാവ്, പുത്തൻ തെരുവ്, കൊച്ചാലുംമൂട് ,ആദിനാട് തുടങ്ങിയ മേഖലകളിലെ വിവാഹ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുകയും പാരലൽ കോളേജ്, മത്സ്യ മാർക്കറ്റുകൾ, നിരവധി കശുഅണ്ടി ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിലാളികളെയും വ്യാപാരികളെയും വിദ്യാർത്ഥകളെയും നേരിട്ട് കണ്ട് പിന്തുണ തേടി. തുടർന്ന് യു.ഡി.എഫ് സംഘടിപ്പിച്ച വിവിധ ബൂത്ത് കൺവൻഷനുകളിലും പങ്കെടുത്തു.

.