candidates

 നവമാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തി മുന്നണികൾ

കൊല്ലം: സ്ഥാനാർത്ഥി ചന്തയിൽ വോട്ടുപിടിക്കുന്നത് കിലോ മീറ്ററുകൾക്കപ്പുറം ഹാർബറിൽ നിൽക്കുന്ന മത്സ്യത്തൊഴിലാളി തത്സമയം കാണുന്നു. കൊടികൾക്ക് പകരം ചുറ്റും ഫോണുകളും കാമറകളുമായാണ് പാർട്ടി പ്രവർത്തർ ഇപ്പോൾ നിൽക്കുന്നത്. ഓരോ ചലനവും ഒപ്പിയെടുക്കും. അപ്പോഴേ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും നവമാദ്ധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താൻ മത്സരിക്കുകയാണ്.

ഫോട്ടെയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും അവ നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും എല്ലാ സ്ഥാനാർത്ഥികളും പണം നൽകി ആളുകളെ നിയോഗിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ ലാപ്പ്ടോപ്പുകളുമായി യുവാക്കൾ നിരന്നിരിക്കുകയാണ്. സ്ഥാനാർത്ഥികൾക്കെതിരെ നവമാദ്ധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകും. ഓരോത്തർക്കും ആയിരം രൂപയ്ക്ക് മുകളിലാണ് കൂലി. വൻതുക നൽകി പ്രൊഫണലുകളെയും ചില സ്ഥാനാർത്ഥികൾ ഇറക്കിയിട്ടുണ്ട്. മുന്നണികളുടെ ജില്ലാതലത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും പ്രത്യേകം ഐ.ടി സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. മുതിർന്ന നേതാക്കൾക്കാണ് നിയന്ത്രണ ചുമതല. എതിർ സ്ഥാനാർത്ഥികളെയോ നേതാക്കളെയോ വ്യക്തിപരമായി ആക്ഷേപിക്കുന്ന പോസ്റ്റുകൾ പാടില്ലെന്ന് പാർട്ടി നേതാക്കൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 വോട്ട് ചോദിച്ചില്ലെന്ന പരാതി വേണ്ട

വോട്ടർമാരെ നേരിൽ കണ്ടുള്ള വോട്ട് അഭ്യർത്ഥനയുടെ ഇടവേളയിൽ ഒട്ടുമിക്ക സ്ഥാനാർത്ഥികളും ഫേസ്ബുക്ക് ലൈവിലും എത്തുന്നുണ്ട്. കടുത്ത ഉഷ്ണവും വെയിലും കാരണം രാവിലെ ഏഴിന് തുടങ്ങുന്ന പ്രചാരണം പതിനൊന്നരയാകുമ്പോൾ അവസാനിക്കും. പിന്നെ വൈകിട്ട് മൂന്നരയ്ക്ക് ശേഷമാണ് തുടങ്ങുന്നത്. ഉച്ചയ്ക്കുള്ള ഇടവേളയിലും രാത്രി പ്രചരണം കഴിഞ്ഞ ശേഷവുമാണ് ലൈവിലെത്തുന്നത്. കൊവിഡ് കാലത്ത് തന്നെ എല്ലാ പാർട്ടികളും നവമാദ്ധ്യമ സെല്ലുകൾ സജീവമാക്കിയിരുന്നു.