പടിഞ്ഞാറേ കല്ലട: കിഫ്ബി പദ്ധതിയനുസരിച്ച് നവീകരണം നടക്കുന്ന കടപുഴ, വളഞ്ഞ വരമ്പ്, കാരാളിമുക്ക് റോഡിൽ നെൽപ്പുരക്കുന്ന് പ്രൈമറി സ്കൂളിനു മുന്നിലെ ഭാഗത്ത് വീതിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇതിന് സമീപത്തു തന്നെയാണ് വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളും വില്ലേജ് ഒാഫീസും സ്ഥിതി ചെയ്യുന്നത്. ഇവിടെ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വർഷങ്ങൾ പഴക്കമുള്ള പോസ്റ്റ് ഓഫീസ് കെട്ടിടമാണ് റോഡിന്റെ വീതികൂട്ടുന്നതിന് ഏറെ തടസമായി നിൽക്കുന്നത്. കിഫ്ബി പദ്ധതിയനുസരിച്ച് റോഡ് ടാറിംഗിന്റെ വീതി ഏറ്റവും കുറഞ്ഞത് അഞ്ചര മീറ്റർ വേണം. എന്നാൽ ഇവിടെ നാലുമീറ്ററിൽ കുറവാണ് നിലവിലെ വീതി. ഇരുവശത്തെയും കൈയേറ്റങ്ങളും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല. കൈയേറ്റഭാഗം കൂടി ചേർത്താലും ഏകദേശം ഒരു മീറ്റർ സ്ഥലംകൂടി ലഭ്യമാകാനേ സാദ്ധ്യതയുള്ളു. ബാക്കി ഭാഗം സ്വകാര്യ വ്യക്തികളുടേതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രൈമറി സ്കൂളിനു മുന്നിലെ ഭാഗം ടാർ ചെയ്തില്ല
റോഡിന്റെ ആദ്യ ഘട്ട ടാറിംഗ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. എന്നാൽ പ്രൈമറി സ്കൂളിനു മുന്നിലെ വീതി കുറഞ്ഞ ഭാഗം ടാർ ചെയ്തിട്ടില്ല. ഇവിടെ ഇന്റർലോക്ക് ഇടാനുള്ള ശ്രമമാണെന്നാണ് അറിയുന്നത്. ഇവിടുത്തെ അപകട സാദ്ധ്യത കുറയ്ക്കാൻ റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.