
കൊല്ലം: നഗരത്തിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് പതിവാകുന്നു. കന്റോൺമെന്റ് സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് സ്ഥിരമായി വൈദ്യുതി ബന്ധം മുടങ്ങുന്നത്. പെട്ടെന്നുള്ള പവർകട്ട് പലരുടെയും ദിനചര്യകളെ ബാധിക്കുന്നുണ്ട്.
മഴക്കാലത്ത് ഇടിമിന്നൽ ഉണ്ടാകുമ്പോഴും മരങ്ങൾ കടപുഴകുമ്പോഴും വൈദ്യുതി ലൈനുകൾ തകരാറിലാകാറുണ്ട്. അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിച്ഛേദിക്കുന്നതിന്റെ തലേന്നാൾ തന്നെ ഉപഭോക്താക്കൾക്ക് സന്ദേശം അയയ്ക്കാറുണ്ട്. പത്രങ്ങളിലൂടെയും അറിയിപ്പ് നൽകും. എന്നാൽ ഇതൊന്നുമില്ലാതെയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കുന്നത്.
പകലും രാത്രിയും ഒരേപോലെ അത്യുഷ്ണമായതിനാൽ വീടുകളിൽ രാവും പകലും ഫാനും എ.സിയും പ്രവർത്തിപ്പിക്കേണ്ട സാഹചര്യമാണ്. ഇതിനിടെ കറണ്ട് പോകുന്നതിനാൽ ചൂട് സഹിക്കാനാകാതെ വെന്തുരുകകയാണ് ജനങ്ങൾ. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അടിക്കടിയുള്ള പവർകട്ട് ബാധിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നത് മോഷ്ടാക്കൾ സുവർണാവസരം ആക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
റിസീവർ മാറ്രിവയ്ക്കും, വിളിച്ചാൽ കിട്ടരുത്
വൈദ്യുതി ബന്ധം തകരാറിലായ വിവരം അറിയിക്കാൻ സെക്ഷൻ ഓഫീസുകളിൽ വിളിച്ചാൽ കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. എതെങ്കിലും ഒരു ഭാഗത്തെ അറ്റകുറ്റപ്പണിക്കായിട്ടാകും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. ഇതറിയാതെ വരുന്ന ഫോൺ വിളികൾക്ക് മറുപടി പറയാൻ മനസില്ലാത്തതിനാൽ സെക്ഷൻ ഓഫീസുകളിൽ ഫോണിന്റെ റിസീവർ മാറ്റിവയ്ക്കുകയാണ് ചെയ്യാറ്. ഈ സമയം മറ്റെവിടെയെങ്കിലും വൈദ്യുതി ലൈൻ പൊട്ടിവീണാലും പരാതി അറിയിക്കാൻ കഴിയാത്ത അവസ്ഥയാണ്.