കൊല്ലം: വൈകിയാണെത്തിയതെങ്കിലും കൊട്ടാരക്കരയിൽ എൻ.ഡി.എയുടെ വയയ്ക്കൽ സോമന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഉഷാറിൽ. കൊട്ടാരക്കര ഗണപതിയ്ക്കുമുന്നിൽ തൊഴുതുവണങ്ങിയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സമുദായ നേതാക്കളെയടക്കം പ്രമുഖരെയെല്ലാം കണ്ട് അനുഗ്രഹം തേടുകയാണ്. ഇന്നലെ മലങ്കര മാർത്തോമ സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂയാക്കിം മാർ കുറിലോസ് എപ്പിസ്കോപ്പയുടെ അടുത്തെത്തിയപ്പോൾ വലിയ സ്വീകരണമാണ് വയയ്ക്കൽ സോമന് ലഭിച്ചത്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണതേടിയുള്ള പര്യടനം വിജയകരമാണെന്ന് നേതാക്കളും പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കമ്പോളങ്ങളിലും യോഗ പഠനകേന്ദ്രത്തിലുമടക്കം ഇന്നലെ സജീവമായി സ്ഥാനാർത്ഥിയും സംഘവുമെത്തി. അടുക്കും ചിട്ടയുമുള്ള പ്രവർത്തനങ്ങളാണ് നേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. സമരമുഖങ്ങളിൽ സജീവനേതൃത്വമായ ബി.ജെ.പി മണ്ഡലം പ്രസിഡന്റുകൂടിയായ വയയ്ക്കൽ സോമന് പരിചയപ്പെടുത്തൽ വേണ്ടിവരുന്നുമില്ല.