flag

 30,000ത്തിൽ എ പ്ലസ് പിടിച്ച് ബി.ജെ.പി

കൊല്ലം: അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾ നിരന്നതോടെ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടത്ത് ശക്തമായ ത്രികോണമത്സരം ഉറപ്പായി. ഇടത് - വലത് മുന്നണികളുടെ ഒപ്പത്തിനൊപ്പം നിന്ന് പോരാടാനാണ് ബി.ജെ.പി നേതൃത്വം ജില്ലാ നേതാക്കൻമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ബി.ജെ.പി മുന്നേറ്റത്തിന് തടയിട്ടാലേ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാനാവൂ എന്ന് ഇരുമുന്നണികൾക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ അകറ്റാൻ പലയിടത്തും ഇടത് - വലത് ധാരണയുണ്ടെന്ന് ബി.ജെ.പി ആരോപിക്കുമ്പോൾ കോൺഗ്രസ് - ബി.ജെ.പി രഹസ്യബന്ധം ശക്തമാണെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാൽ പല മണ്ഡലങ്ങളിലും ഇടതുപക്ഷം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആരോപണം.


 ആരെ വരിക്കും ആറ് മണ്ഡലങ്ങൾ


ചാത്തന്നൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുന്നത്തൂർ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണമത്സരം നടക്കാൻ സാദ്ധ്യതയുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 30,000ത്തിലേറെ വോട്ടുകൾ ഈ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ലഭിച്ചു. ഇവ എ പ്ലസ് മണ്ഡലങ്ങളായി തിരിച്ചാണ് എൻ.ഡി.എ തിരഞ്ഞെടുപ്പുതന്ത്രം മെനഞ്ഞിരിക്കുന്നത്.

മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കൾ ക്യാമ്പ് ചെയ്തായിരിക്കും പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ പലേടത്തും ഇടത് - വലത് മുന്നണികളുടെ കൈയിലിരുന്ന വാർഡുകൾ പിടിച്ചെടുത്താണ് ബി.ജെ.പി മുന്നിലെത്തിയത്. ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഇളമ്പള്ളൂരിൽ ഭൂരിപക്ഷം ഭരണത്തോടടുത്തിരുന്നു. കുന്നത്തൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ അപ്രതീക്ഷിതമായി വോട്ടും വർദ്ധിച്ചു. കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിനേക്കാൾ കൂടുതൽ കൗൺസിലർമാരുള്ളതും ബി.ജെ.പിക്കാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുനില മെച്ചപ്പെടുത്തിയിരുന്നു. ബി.ജെ.പിക്ക് വോട്ട് മറിയാതിരിക്കാൻ ഇടത് - വലത് നേതാക്കൾ ആദ്യം മുതലേ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാലിത് മറികടക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി മെനയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആറ് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് മൂന്ന് മുന്നണികളും കളത്തിലിറക്കിയിരിക്കുന്നത്.