
കൊല്ലം: 'പ്രിയമുള്ള സമ്മതിദായകരേ, വോട്ടർമാരേ... മണ്ണും മനസുമുറങ്ങുന്ന മന്വന്തരങ്ങളിലൂടെ സഹനസമരത്തിന്റെ തേർ തെളിയിച്ച് മുന്നേറിയ, നാം അറിയുന്ന, നമ്മളെ അറിയുന്ന നമ്മളിലൊരുവനായ...' തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂട് ഉയർത്തി കാതടപ്പിക്കുന്ന ശബ്ദവുമായി അനൗൺസ്‌മെന്റ് വാഹനങ്ങൾ നിരത്തിലിറങ്ങി കഴിഞ്ഞു. പോസ്റ്ററുകളും ചുവരെഴുത്തുകളും കൺവെൻഷനുകളും കുടുംബയോഗങ്ങളും പോലെ അനൗൺസ്‌മെന്റുകൾക്കുമുണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർണായക സ്ഥാനം.
ബാസും ട്രബിളും മിഡുമൊക്കെ ക്രമീകരിച്ച് തിരമാല പോലെ ആർത്തിരമ്പുന്ന വാക്കുകളിലൂടെ വോട്ടർമാരുടെ ഹൃദയമിളക്കുകയാണ് അനൗൺസർമാരുടെ ദൗത്യം. പണ്ടൊക്കെ അനൗൺസ്‌മെന്റ് കാശ് വാങ്ങാത്ത സേവനമായിരുന്നു. പാർട്ടി പ്രവർത്തകർ തന്നെയായിരുന്നു വീട് കയറിയുള്ള വോട്ട് അഭ്യർത്ഥന പോലെ അനൗൺസ്‌മെന്റും നടത്തിയിരുന്നത്. അന്നൊക്കെ അനൗൺസർമാർക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ താര പരവേഷമായിരുന്നു. കാലം മാറിയപ്പോൾ തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് പ്രൊഫഷനായി മാറി. കീശയിൽ കാശ് നിറയ്ക്കുന്ന പ്രൊഫഷൻ. വളരെ ചുരുക്കമായാണ് ഇപ്പോൾ പാർട്ടി പ്രവർത്തകർ തന്നെ അനൗൺസ്‌മെന്റ് ഏറ്റെടുക്കുന്നത്.
സ്റ്റുഡിയോകളിൽ ചുവടുറപ്പിച്ചു
വാഹനത്തിലിരുന്നുള്ള തത്സമയ അനൗൺസ്‌മെന്റും മറയുകയാണ്. റെക്കാർഡിംഗ് സ്റ്റുഡിയോകളാണ് അനൗസർമാരുടെ താവളം. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അനൗൺസ്‌മെന്റ് ബിറ്റ് പാട്ട് സഹിതം റെക്കോർഡ് ചെയ്തു നൽകുന്നതിന് രണ്ടായിരം രൂപയാണ് കുറഞ്ഞ തുക. പേരെടുത്ത അനൗൺസർമാർ പതിനായിരം രൂപ വരെ വാങ്ങുന്നുണ്ട്. വാഹനത്തിൽ പോയി തത്സമയ അനൗൺസ്‌മെന്റ് നടത്തിയാൽ പരമാവധി 1500 രൂപയേ ഒരു ദിവസം കിട്ടുള്ളൂ. അതേ സമയം സ്റ്റുഡിയോകളിൽ കുറഞ്ഞത് പത്ത് സ്ഥാനാർത്ഥികളുടെ അനൗൺസ്‌മെന്റെങ്കിലും ഒരു ദിവസം തയ്യാറാകും. തിരഞ്ഞെടുപ്പ് കാലത്ത് പതിനായിരങ്ങൾ ചെലവഴിച്ച് സ്വന്തം നിലയിൽ സ്റ്റുഡിയോകൾ സജ്ജമാക്കുന്ന അനൗൺസർമാരുമുണ്ട്.