bindhu-krishna

കൊല്ലം: നിയമസഭയിലേക്ക് മത്സരിക്കുന്ന ശക്തരായ വനിതകളിലൊരാളാണ് കൊല്ലം ഡി.സി.സി അദ്ധ്യക്ഷയായ അഡ്വ. ബിന്ദു കൃഷ്ണ. കരഞ്ഞല്ല,പൊരുതി നേടിയതാണ് ഈ സീറ്റെന്ന് ബിന്ദുകൃഷ്ണയെ അറിയുന്നവർ പറയും. കഴിഞ്ഞ നാലരവർഷം കൊല്ലത്തെ കോൺഗ്രസിനെ നയിക്കാൻ നടത്തിയ അദ്ധ്വാനത്തിന്റെ വിലയാണതെന്ന് പ്രവർത്തകർ പറയുന്നു. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നഷ്ടപ്പെടുമെന്നാണ് ഒരു ഘട്ടത്തിൽ കരുതിയത്. കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞത് ബിന്ദു കൃഷ്ണയല്ല, മത്സ്യത്തൊഴിലാളികളാണ്. അവരുടെ പൊട്ടിക്കരച്ചിലിൽ ബിന്ദുകൃഷ്ണയുടെ കണ്ണുകളും ഈറനണിഞ്ഞു. സീറ്റില്ലെന്നറിഞ്ഞ് കൊല്ലത്തെ 14 ഡി.സി.സി ജനറൽ സെക്രട്ടറിമാരാണ് ഗ്രൂപ്പ് മറന്ന് രാജിവച്ചത്. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരും രാജിക്കത്തെഴുതി.ഒടുവിൽ നേതൃത്വം കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു.

നിലവിലെ എം.എൽ.എയും താരവുമായ മുകേഷും ബിന്ദുകൃഷ്ണയും നേർക്കുനേർ അങ്കത്തിനിറങ്ങുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പ്.ബി.ജെ.പി നേതാവ് എം. സുനിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി.മൂവരും വാശിയേറിയ പോരാട്ടത്തിലാണ്. വികസനപ്രവർത്തനങ്ങൾ ഒന്നൊന്നായി എടുത്തുകാട്ടിയാണ് മുകേഷിന്റെ വോട്ടുപിടിത്തമെങ്കിൽ മണ്ഡലത്തിൽ പൂർത്തിയാകാത്ത പദ്ധതികൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദുകൃഷ്ണയുടെ പ്രചാരണം.

മാറി മറിയുന്ന കൊല്ലം

ഓരോ തിരഞ്ഞെടുപ്പിലും മാറിമറിയുന്ന മനസാണ് കൊല്ലത്തിന്റേത്. അതുകൊണ്ട് തന്നെ കൃത്യമായ പ്രവചനം അസാദ്ധ്യം.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, ചവറ, ചാത്തന്നൂർ, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂർ, കൊല്ലം, പുനലൂർ, പത്തനാപുരം എന്നീ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വൻ മുന്നേറ്റമാണുണ്ടാക്കിയത്. എന്നാൽ, അതിന് നേരെ വിപരീതമായിരുന്നു 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്വന്തമാക്കിയ വിജയം.അതേ തുടർച്ച പ്രതീക്ഷിച്ച യു.ഡി.എഫിനേറ്റ കനത്ത പ്രഹരമായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്.

പാ‌ർട്ടി എന്നെ സ്ഥാനാർത്ഥിയാക്കിയത് ജയിക്കുമെന്ന ഉറപ്പിലാണ്. ആ വിശ്വാസം സംരക്ഷിക്കും.

-അഡ്വ. ബിന്ദു കൃഷ്ണ