
കൊല്ലം: മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ശുപാർശ ചെയ്തിട്ടും തന്നെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കൺവെൻഷൻ വിളിച്ച ചടയമംഗലത്തെ പ്രാദേശിക നേതാവ് എ. മുസ്തഫയെയും മറ്റ് നേതാക്കളെയും ഒടുവിൽ പാർട്ടി അനുനയിപ്പിച്ചു. ജെ. ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പ്രാദേശികമായി പ്രതിഷേധമുണ്ടായത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിലെത്തിയിട്ടും പല പ്രാദേശിക നേതാക്കളും വിട്ടുനിന്നിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്റെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിൽ രഹസ്യചർച്ചകൾ നടത്തിയാണ് മുസ്തഫയെ അർഹമായ തരത്തിൽ പരിഗണിക്കാമെന്ന് ഉറപ്പുകൊടുത്തത്. മുസ്തഫയും മറ്റ് നേതാക്കളും ഇന്നലെ മുതൽ പ്രചാരണത്തിൽ സജീവമായി.