കൊല്ലം: അടുക്കുംചിട്ടയുമുള്ള പ്രവർത്തനങ്ങളിലൂടെ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് ഏറെ മുന്നിൽ. ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടന്നതിനാൽ തിരഞ്ഞെടുപ്പ് ഗോദയിൽ ആദ്യം രംഗപ്രവേശം ചെയ്തതും കെ.എൻ.ബാലഗോപാലാണ്. കാലേക്കൂട്ടി ചുവരുകൾ വെള്ളയടിച്ച് ബുക്ക് ചെയ്തിരുന്നതിനാൽ പ്രഖ്യാപനമെത്തിയ ദിനത്തിൽത്തന്നെ ചുവരെഴുത്ത് മുക്കാൽ പങ്കും തീർന്നിരുന്നു. ബോർഡുകളും പോസ്റ്ററുകളുമൊക്കെയായി കെ.എൻ.ബാലഗോപാൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞശേഷമാണ് മറ്റ് രണ്ട് മുന്നണികളുടെയും സ്ഥാനാർത്ഥികൾ കളത്തിലെത്തിയത്. കൊട്ടാരക്കര പട്ടണത്തിൽ നിന്നാണ് ബാലഗോപാൽ പൊതു പര്യടനം തുടങ്ങിയത്. നഗരസഭയുടെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമറിയിച്ചു. നെടുവത്തൂർ, കരീപ്ര, എഴുകോൺ, വെളിയം, ഉമ്മന്നൂർ, മൈലം, കുളക്കട ഗ്രാമപഞ്ചായത്തുകളിലെ പ്രധാനികളുടെ വീടുകളിലും കശുഅണ്ടി ഫാക്ടറികളിലും മറ്റ് തൊഴിലിടങ്ങളിലും പ്രധാന കവലകളിലുമൊക്കെയെത്തി. രക്തസാക്ഷി കുടുംബങ്ങളിലും പഴയ സഖാക്കളുടെ അടുക്കലും പ്രൊഫ.ജി.സത്യനടക്കമുള്ള പൂർവ അദ്ധ്യാപകരുടെ അടുക്കലുമൊക്കെ ബാലഗോപാലിന് വലിയ സ്വീകരണംതന്നെ ലഭിച്ചു. പഴയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാലഗോപാലിനുവേണ്ടി അരയുംതലയും മുറുക്കി രംഗത്തെത്തിയതോടെ പുതിയ ചെറുപ്പക്കാർക്കും ആവേശമായി. മണ്ഡലം, ലോക്കൽ കൺവെൻഷനുകൾ ഇന്നലെ പൂർത്തിയായി. ബൂത്ത് കൺവെൻഷനുകളും കുടുംബ യോഗങ്ങളും തുടങ്ങുകയും ചെയ്തു. ഇന്നലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കലാജാഥയെത്തിയത് കൂടുതൽ കൊഴുപ്പേകി. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ മണ്ഡലത്തിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കാനെത്തുന്നത് പ്രവർത്തകർക്കാകെ ആവേശമായി മാറിയിട്ടുണ്ട്. 21ന് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾ കുളക്കട പഞ്ചായത്തിലെ മാവടിയിൽ നിന്നും തുടങ്ങും. വിദ്യാർത്ഥി, മഹിളാ കൺവൻഷനുകൾ ചേർന്നിരുന്നു. പ്രത്യേക സ്ക്വോഡുകളായി ഇവരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്.
ഇന്ന് പര്യടനം നെടുവത്തൂരിൽ
ഇന്നലെ വാളകം, ഉമ്മന്നൂർ മേഖലകളിലായിരുന്നു ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ പര്യടനം. ഇന്ന് രാവിലെ ഏഴ് മണിമുതൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലും ഉച്ചവരെ നെടുവത്തൂർ ലോക്കൽ കമ്മിറ്റിയുടെ ഭാഗങ്ങളിലും ഉച്ചയ്ക്ക് ശേഷം തേവലപ്പുറം ലോക്കൽ കമ്മിറ്റിയിലുമാണ് പര്യടനം.