കൊല്ലം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്താനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊട്ടാരക്കര മിനർവ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർ ഭരണം ലഭിക്കില്ലെന്ന് പിണറായി വിജയന് വ്യക്തമായിട്ടറിയാം, അതുകൊണ്ടാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന് കൂടെക്കൂടെ അദ്ദേഹം പറയുന്നത്. ഐശ്വര്യകേരളത്തിനും സദ്ഭരണത്തിനും യു.ഡി.എഫ് വരണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് സർക്കാരിനെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്നതാണ് ഉറപ്പെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.സി.രാജൻ, എഴുകോൺ നാരായണൻ, കെ.ശശിധരൻ, പി.രാജേന്ദ്രപ്രസാദ്, നടുക്കുന്നിൽ വിജയൻ, വാക്കനാട് രാധാകൃഷ്ണൻ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള, അൻസറുദ്ദീൻ, കെ.എസ്.വേണുഗോപാൽ, പൊടിയൻ വർഗീസ്, കുളക്കട രാജു, വെളിയം ശ്രീകുമാർ, മണിമോഹൻ നായർ, ഒ.രാജൻ, ജി.സോമശേഖരൻ നായർ, പി.ഹരികുമാർ, ഇഞ്ചക്കാട് നന്ദകുമാർ, ലതാ സി.നായർ എന്നിവർ സംസാരിച്ചു.
സവിൻ സത്യൻ വേദിയിൽ കയറിയില്ല
യു.ഡി.എഫിന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ സവിൻ സത്യൻ കയറാഞ്ഞത് അസ്വാരസ്യങ്ങൾക്ക് ഇടയാക്കി. സവിൻ സത്യൻ മത്സരിച്ചപ്പോൾ ഉമ്മൻചാണ്ടി വന്ന വേദിയിൽ കയറാതെ കൊടിക്കുന്നിൽ സുരേഷ് മാറി നിന്നിരുന്നു. ഇതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനത്തിനെത്തിയ വേദിയിൽ നിന്ന് സവിൻ സത്യനും മാറിനിന്നത്. കൺവെൻഷൻ നടക്കുന്ന മിനർവ തീയേറ്ററിലെത്തിയെങ്കിലും പുറത്ത് മാറി നിൽക്കുകയായിരുന്നു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.മധുലാൽ അടക്കമുള്ളവരും ഇതേ രീതിയിൽ മാറി നിന്നതോടെ അത് വലിയ ചർച്ചയ്ക്ക് ഇടനൽകി.