
കൊല്ലം: പാറക്ഷാമത്തെ തുടർന്ന് വിഴിഞ്ഞം പദ്ധതി നീണ്ടാൽ കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് നാടത്താനുദ്ദേശിക്കുന്ന വ്യാപാര കപ്പൽ സർവീസുകൾ വെള്ളത്തിലാകും. വിഴിഞ്ഞത്തടുക്കുന്ന വലിയ മദർഷിപ്പുകളിൽ നിന്ന് ആഭ്യന്തര വ്യാപാര കപ്പലുകളിലേക്ക് കയറ്റുന്ന സാധനങ്ങൾ കൊല്ലം പോലുള്ള തുറമുഖങ്ങളിലെത്തിച്ച് വ്യാപാര കപ്പൽ സർവീസുകൾ വർദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലവിൽ വിദേശ തുറമുഖങ്ങളിൽ നിന്നാണ് കപ്പലുകൾ സാധനങ്ങൾ കയറ്റുന്നത്. ചരക്കിറക്കാൻ കൊച്ചി, വിശാഖപട്ടണം തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര കപ്പൽ സർവീസുകൾ വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഒട്ടുമിക്ക ചെറുഹാർബറുകളിലും തുറമുഖങ്ങളിലും ചരക്കിറക്കാൻ കഴിയും. ഇതിലൂടെ ആഭ്യന്തര വരുമാനം വർദ്ധിക്കുന്നതിനൊപ്പം റോഡുമാർഗമുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കാനും കഴിയും.
വിഴിഞ്ഞം പൂർത്തിയാക്കാൻ
ആവശ്യമുള്ള പാറ: 80 ലക്ഷം മെട്രിക് ടൺ
പാറ ലഭ്യമായാൽ നിർമ്മാണം പൂർത്തിയാകാൻ: 1 വർഷം (പരമാവധി)
കരാർപ്രകാരം പണി പൂർത്തിയാക്കേണ്ടത്: 2019 ഡിസംബർ
കപ്പലടുത്താൽ ഗുണങ്ങൾ
1. മദർഷിപ്പുകൾ അടുക്കും
2. മദർഷിപ്പിൽ നിന്ന് ചെറുകപ്പലുകളിലേക്ക് ചരക്ക് നീക്കം
3. ചെറുതുറമുഖങ്ങളിൽ ആഭ്യന്തര കപ്പൽ സർവീസിലൂടെ ചരക്കെത്തിക്കാം
4. റോഡ്മാർഗമുള്ള ചരക്കുനീക്കത്തിന്റെ നഷ്ടം ഇല്ലാതാക്കാം
5. ചെറുപട്ടണങ്ങളിലും വികസന സാദ്ധ്യത
6. വ്യാപാരികൾക്ക് നേരിട്ട് ചരക്കെത്തിക്കാനുള്ള സൗകര്യം
നിലവിൽ ചരക്ക് നീക്കം
രാജ്യത്തെ 12 വലിയ തുറമുഖങ്ങളിൽ എത്തിക്കുന്ന ചരക്കുകൾ റോഡ് മാർഗം വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതാണ് രീതി.
വലിയ തുറമുഖങ്ങൾ: 12
ചെറുത്: 212