ഒൻപതിടങ്ങളിൽ 360 ഡിഗ്രി തിരിയുന്ന കാമറകൾ
കൊല്ലം: നഗരത്തിലെ കൂടുതലിടങ്ങൾ കൂടി കാമറാ നിരീക്ഷണത്തിലാക്കാൻ പൊലീസ്. പതിമൂന്ന് ഇടങ്ങളിലായി 41 കാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഒരു കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന കാമറകളുടെ മേൽനോട്ടം പൊലീസ് ജില്ലാ കമാൻഡിംഗ് യൂണിറ്റിനാണ്.
ഒൻപതിടങ്ങളിൽ 360 ഡിഗ്രിയിൽ തിരിയുന്ന കാമറകളാണ് സ്ഥാപിക്കുന്നത്. റിമോട്ടിന്റെയോ കേബിളിന്റെയോ സഹായത്തോടെ തിരിക്കാൻ കഴിയുന്നവയാണിവ. ഇന്റർനെറ്റ് സാങ്കേതിക വിദ്യയിലൂടെയും ഇവ നിയന്ത്രിക്കാൻ സാധിക്കും. ഇരുന്നൂറ് മീറ്റർ വരെ ദൂരത്തിൽ രാത്രിയിലും വ്യക്തമായി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിക്കുന്നത്.
കേബിൾ വഴി മോണിറ്ററിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തുന്ന കാമറകളുടെ സാങ്കേതികപ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം. ഇതോടൊപ്പം നേരത്തെ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ കേടായവയുടെ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കും. വാഹനപരിശോധനയില്ലാതെ ഗതാഗത നിയമലംഘനം തടയുക, കുറ്റകൃത്യം നടത്തി വാഹനങ്ങളിൽ രക്ഷപ്പെടുന്ന കുറ്റവാളികളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്.
പുതുതായി സ്ഥാപിക്കുന്നത്: 41 കാമറകൾ
കൊച്ചുപിലാംമൂട്, ആൽത്തറമൂട്, അമ്മച്ചിവീട്, ജില്ലാ ജയിലിന് സമീപം, വെള്ളയിട്ടമ്പലം, രാമൻകുളങ്ങര, കാവനാട്, നീണ്ടകര പാലം, അയത്തിൽ, ചെമ്മാൻമുക്ക്, ആർ.ഒ.ബി ജംഗ്‌ഷൻ, എ.ആർ ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ - കർബല റോഡ്
നേരത്തേയുള്ളവ: 48
കേടായവ: 8