
കൊല്ലം: ആറ് മാസമായി മിനിമം വേതനം ലഭിക്കാതെ ഖാദി ബോർഡിലെ നെയ്ത്ത് തൊഴിലാളികൾ ദുരിതത്തിൽ. ഓരോ ഇനവും തുന്നുന്നതിന് നിശ്ചയിച്ചിട്ടുള്ള തുച്ഛമായ കൂലി മാത്രമാണ് ഇവർക്കിപ്പോൾ ലഭിക്കുന്നത്.
മുണ്ട്, തോർത്ത്, കൈലി, ടൗവ്വൽ, ഷർട്ട് പീസ് തുടങ്ങിയ ഇനങ്ങളാണ് ഖാദിബോർഡിന്റെ നെയ്ത്ത് ശാലകളിൽ നിർമ്മിക്കുന്നത്. ഒരു ഡബിൾ ടൗവ്വലിന് 140 രൂപയാണ് കൂലി. പരിചയ സമ്പത്തുള്ള തൊഴിലാളിക്ക് പോലും ഒരു ദിവസം കഷ്ടിച്ച രണ്ട് ടബിൾ ടൗവ്വലേ നെയ്യാനാകു. അതുകൊണ്ട് തന്നെ ഡബിൾ ടൗവ്വൽ നെയ്യുന്ന തൊഴിലാളിക്ക് ദിവസം 280 രൂപ മാത്രമാണ് ഇപ്പോഴത്തെ കൂലി. വേതനത്തിലെ ഈ കുറവ് പരിഹരിക്കാനാണ് സർക്കാർ മിനിമം കൂലി നിശ്ചയിച്ചത്. രണ്ട് ഡബിൾ ടൗവ്വലുകൾ നെയ്യുന്ന തൊഴിലാളിക്ക് 260 രൂപ കൂടി മിനിമം കൂലിയായി ലഭിക്കും. മറ്റ് ഇനങ്ങളുടെ നെയ്ത്തിനും ഇത്തരത്തിൽ മിനിമം കൂലി നിശ്ചയിച്ചിട്ടുണ്ട്. ഇതാണ് കഴിഞ്ഞ ആറ് മാസമായി ലഭിക്കാത്തത്.
മിനിമം കൂലി വിതരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ നെടുങ്ങോലത്തെ ഖാദി ഗ്രാമ വ്യവസായ ബോർഡ് നെയ്ത്ത് ശാലയിൽ വനിതാ തൊഴിലാളികൾ പ്രതിഷേധിച്ചു. ഖാദി ബോർഡ് ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുമായി ചർച്ച നടത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സർക്കാരാണ് മിനിമം വേതനം നൽകാനുള്ള തുക ഖാദി ബോർഡിന് നൽകുന്നത്. സർക്കാരിൽ നിന്ന് ഈ തുക ലഭിക്കാത്തത് കൊണ്ടാണ് ആറ് മാസമായി മിനിമം വേതന വിതരണം മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.