photo
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബെറ്റി സുധീർ തൊടിയൂരിൽ സംഘടിപ്പിച്ച കുടുംബ യോഗത്തിൽ സംസാരിക്കുന്നു

കരുനാഗപ്പള്ളി: ബി.ജെ.പി സ്ഥാനാർത്ഥികൂടി കരുനാഗപ്പള്ളി മണ്ഡലത്തിൽ സജീവമായതോടെ മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലായി. ബി.ജെ.പി സ്ഥാനാർത്ഥി ബെറ്റി സുധീറിനെ ഇന്നലെയാണ് പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ തുറന്ന തിരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള കളമൊരുങ്ങി. ബി.ജെ.പി സ്ഥാനാർത്ഥി ബെറ്റി സുധീറിന്റെ ചുവരെഴുത്തുകൾ മണ്ഡലത്തിലുടനീളം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥി 14 കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എറെ മുന്നിലാണ്. ഇരു മുന്നണികളുടെയും മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകളും മേഖലാ കൺവെൻഷനുകളും പൂർത്തിയായി. ബൂത്ത് കൺവെൻഷനുകൾ 20ന് പൂർത്തിയാക്കും. ചുവരെഴുത്ത്, പോസ്റ്റർ പ്രചാരണങ്ങൾ കഴിഞ്ഞു. ഇരു സ്ഥാനാർത്ഥികളും മണ്ഡലത്തിലുടനീളം ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടന്നു.

കുടംബയോഗങ്ങളിൽ സജീവമായി ബിറ്റി സുധീർ

കരുനാഗപ്പള്ളി: ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീർ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസിലെത്തിയ സ്ഥാനാർത്ഥി എൽ.ഡി.എ നേതാക്കൾക്കൊപ്പം കുടുംബ യോഗങ്ങളിൽ സജീവമായി. രാവിലെ 9ന് തൊടിയൂരിലായിരുന്നു ആദ്യ കുടുംബയോഗം. സ്ഥാനാർത്ഥി എത്തുന്നതിന് മുമ്പ് തന്നെ കുടംബയോഗത്തിൽ പങ്കെടുക്കാനായി പ്രവർത്തകർ എത്തിയിരുന്നു. തുടർന്ന് കല്ലേലിഭാഗം, ആലപ്പാട്, ആദിനാട്, ഓച്ചിറ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടംബ യോഗങ്ങളിലും അഡ്വ. ബിറ്റി സുധീർ പങ്കെടുത്തു. 14 യോഗങ്ങളിലാണ് ഇന്നലെ സ്ഥാനാർത്ഥി പങ്കെടുത്തത്. ഇന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർക്ക് നോമിനേഷൻ നൽകും. ഇന്ന് വൈകിട്ട് ഓച്ചിറയിൽ നിന്ന് കന്നേറ്റി വരെ റോഡ് ഷോ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.