congress

കൊല്ലം: പ്രചാരണച്ചൂട് കളം നിറഞ്ഞതോടെ പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ഓട്ടത്തിലാണ് ഓരോ സ്ഥാനാർത്ഥികളും. കുംഭച്ചൂട് വകവയ്ക്കാതെയാണ് പകലന്തിയോളം സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരെ തേടിയെത്തുന്നത്. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥികളും മത്സരിച്ച് മുന്നേറുന്നു. മൂന്ന് മുന്നണികളും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞാണ് പ്രചാരണം. മുന്നണികളുടെ തയ്യാറെടുപ്പ് ചാർട്ട് ഇങ്ങനെ...

 കരുതലോടെ വലത് നീക്കം


1. കൺവെൻഷനുകൾ: രണ്ടിടമൊഴികെ എല്ലാം പൂർത്തിയായി. ഇന്ന് കുണ്ടറയിലും ചാത്തന്നൂരും നടക്കും. നാളെ മുതൽ സ്‌ക്വാഡുകൾ വീടുകളിലെത്തും. ഒരു ബൂത്തിൽ നാല് സ്‌ക്വാഡുണ്ടാവും. പത്ത് മുതൽ 25 പേർ വരെ സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക. വീടുകളിൽ നോട്ടീസ് നൽകി വോട്ട് ചോദിക്കും.


2. കുടുംബയോഗങ്ങൾ: ഓരോ ബൂത്തുകൾ കേന്ദ്രീകരിച്ചും രണ്ട് കുടുംബയോഗങ്ങൾ വീതം നടത്തും. പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കും. ചെറിയ വാക്കുകളിൽ നാട്ടിലെ പ്രശ്‌നങ്ങൾ വിവരിച്ചാണ് വോട്ട് പിടിത്തം. പാചകവാതകം, പെട്രോൾ, ഡീസൽ വിലക്കയറ്റം, സെസ് എന്നിവയെല്ലാം ചർച്ചയാക്കുന്നുണ്ട്. പിൻവാതിൽ നിയമനം, ശബരിമല വിവാദം തുടങ്ങിയവയും പരാമർശിക്കുന്നുണ്ട്. ഒരു കുടുംബയോഗത്തിൽ കുറഞ്ഞത് നൂറുപേർ ഉണ്ടാവും.


3. കോർണർ യോഗങ്ങൾ: കുടുംബയോഗങ്ങൾക്ക് ഒപ്പം കോർണർ യോഗങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ഓരോ ബൂത്തുകളിലെയും പ്രധാന കവലകളിൽ പ്രമുഖ നേതാക്കൾ സംസാരിക്കും. പ്രചാരണം തീരും വരെയും ഇത് തുടരും. ഒരേ കവലയിൽ രണ്ടോ മൂന്നോ കോർണർ പ്രസംഗങ്ങൾ ഉണ്ടാവും.


4. സ്ഥാനാർത്ഥികൾക്ക് സ്വീകരണം: സ്ഥാനാർത്ഥികൾക്ക് സ്വീകരണം ഒരുക്കി നാടിളക്കിയുള്ള പ്രചാരണം. 21ന് സ്വീകരണ യോഗങ്ങൾ തുടങ്ങും. ഏപ്രിൽ ഒന്നിന് സമാപിക്കും. ഒരു ദിവസം ഒരു പഞ്ചായത്തിലായിരിക്കും സ്വീകരണയോഗങ്ങൾ. ഈ സ്വീകരണത്തിനിടയിൽ പരമാവധി വോട്ടർമാരെ സ്ഥാനാർത്ഥി നേരിൽ കാണും.


5. നേതാക്കളുടെ നിര: കോൺഗ്രസിലെയും മുന്നണിയിലെയും പ്രമുഖ നേതാക്കളെ വിവിധ പട്ടണങ്ങളിൽ അണിനിരത്തും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നീ പ്രമുഖരെത്തും.


6. നേതൃത്വം: വോട്ട് പിടിക്കാനും തന്ത്രം മെനയാനും വൻ നേതൃനിരയാണ് ഒരുങ്ങിയിരിക്കുന്നത്. യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ, കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുള്ള പുനലൂർ മധു, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വിവിധ പാർട്ടി നേതാക്കളായ എ.എ. അസീസ്, കെ.എസ്. വേണുഗോപാൽ. അറയ്ക്കൽ ബാലകൃഷ്ണപിള്ള, വാക്കനാട് രാധാകൃഷ്ണൻ, എ. യൂനുസ് കുഞ്ഞ്, അൻസറുദ്ദീൻ, മോഹൻ കുമാർ, ജി. ദേവരാജൻ. അഡ്വ. റാം മോഹൻ.