kollam-theni
കൊല്ലം - തേനി ദേശീയപാതയിൽ കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുൻവശം റോഡിൽ മെറ്റൽ നിരത്തിയ നിലയിൽ

 ടാറിംഗിന് നിരത്തിയ മെറ്റലിൽ വെള്ളം തളിക്കുന്നില്ല

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച കൊല്ലം - തേനി ദേശീയപാതയിലെ യാത്രാദുരിതം അകലുന്നില്ല. ടാറിംഗിനായി മെറ്രൽ നിരത്തിയ റോഡിൽ യഥാസമയം വെള്ളം തളിക്കാത്തതിനാൽ പൊടി ഉയരുന്നത് യാത്രക്കാരെയും സ്ഥലവാസികളെയും ഒരേപോലെ ബുദ്ധിമുട്ടിക്കുകയാണ്.

മാസങ്ങൾക്ക് മുൻപാണ് പേരയം നീരൊഴിക്കൽ ഭാഗം മുതൽ ഇളമ്പള്ളൂർ വരെയുള്ള ദേശീയപാത വെട്ടിപ്പൊളിച്ച് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചത്. ഈ സമയം മുതൽ ദേശീയപാതയിൽ ഒരു വരി ഗതാഗതം മാത്രമാണുണ്ടായിരുന്നത്. പണി ഇഴഞ്ഞുനീങ്ങിയതോടെ വലിയ കുഴികൾക്ക് അരികിലൂടെ സാഹസപ്പെട്ട് നീങ്ങിയിരുന്ന വാഹനങ്ങൾ മണിക്കൂറുകളോളം കുരിക്കിലകപ്പെടുന്നത് പതിവായിരുന്നു.

മെറ്റൽ നിരത്തുന്ന ജോലികൾ ആരംഭിച്ചതോടെ ആശ്വാസമായെന്ന് കരുതിയവർ ഇപ്പോൾ റോഡിൽ നിന്ന് ഉയരുന്ന രൂക്ഷമായ പൊടി ശ്വസിക്കേണ്ടി വരികയാണ്. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് വീടിന്റെ ജനാലകളും വാതിലും തുറക്കാൻ കഴിയാത്ത അവസ്ഥയും. ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളും ഇതുമൂലം വലയുന്നുണ്ട്.