banyan-tree
ബീച്ച് റോഡിലെ നടപ്പാതയിലെ ആൽമരത്തിന്റെ ചുവട്

കൊല്ലം: ബീച്ച് റോഡിലെ നടപ്പാതയ്ക്ക് നടുവിൽ ഉണങ്ങി ദ്രവിച്ച് നിൽക്കുന്ന ആൽമരത്തിന്റെ കുറ്റി അധികൃതരുടെ അനാസ്ഥയുടെ അടയാളമായി മാറുന്നു. അടുത്തിടെ ഈ നടപ്പാതയിൽ ഇന്റർലോക്ക് പാകിയപ്പോഴും അധികൃതർ മരക്കുറ്റി മുറിച്ചുനീക്കാൻ തയ്യാറായില്ല. 12 അടിയോളം ഉയരമുള്ള മരക്കുറ്റി ഏതുനിമിഷവും കടപുഴകാവുന്ന അവസ്ഥയിലാണ്.

ബീച്ച് റോഡിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുന്നിലാണ് കാൽനട യാത്രക്കാർക്ക് തടസമായി ആൽമരം നിന്നിരുന്നത്. രണ്ട് വർഷം മുൻപ് ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് എതിർവശത്തെ സ്ഥാപനങ്ങൾക്ക് മുകളിലേക്ക് പതിക്കുന്നതും പതിവായിരുന്നു. ഇതേതുടർന്ന് ചുവടുമാത്രം ബാക്കി നിറുത്തി മരം മുറിച്ചുമാറ്റി. ആറ് മാസം മുൻപാണ് ഈ ഭാഗത്ത് ഇന്റർലോക്ക് പോകിയത്. അപ്പോഴും ആൽമരത്തിന്റെ ചുവട് മുറിച്ചുനീക്കാൻ അധികൃതർ തയ്യാറായില്ല. ഇന്റർലോക്ക് പാകലിന്റെ കരാറെടുത്തവർ മരത്തിന് ചുറ്റുമുള്ള ഭാഗം ഒഴിച്ചിട്ട് ബാക്കി സ്ഥലങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

 അപകടമേഖല

നഗരത്തിലെ ഏറ്റവും തിരക്കുള്ള റോഡുകളിലൊന്നാണ് ബീച്ചിലേക്കുള്ള ഈ വഴി. സമീപത്തെ സ്ഥാപനങ്ങളിലെത്തുന്നവരെല്ലാം റോഡ് വക്കിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ആൽമരത്തിന്റെ ഭാഗമെത്തുമ്പോൾ കാൽനടയാത്രക്കാർ റോഡിലേയ്ക്ക് ഇറങ്ങിനടക്കേണ്ട അവസ്ഥയാണിപ്പോൾ. മരത്തിന് ചുറ്റും ഇരുചക്ര വാഹനങ്ങളും ഇപ്പോൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നുണ്ട്.