
കൊല്ലം: 5 വർഷം മന്ത്രിയും പതിനഞ്ച് വർഷം എം.എൽ.എയുമായിരുന്ന ബാബുദിവാകരന് സ്വന്തമായി വീടില്ല. തിരുവനന്തപുരത്തെ വാടകവീട്ടിലും പട്ടത്താനത്തെ കുടുംബവീട്ടിലുമായാണ് താമസം. ഇന്നലെ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്.
തിരുവനന്തപുരത്ത് വാടക വീട്ടിൽ താമസിക്കുമ്പോഴാണ് കൊല്ലത്ത് നിന്ന് മത്സരിച്ച് 2001ൽ മന്ത്രിയാകുന്നത്. മന്ത്രി പദവിയിലിരുന്ന് നയാ പൈസ സമ്പാദിച്ചില്ല. അതുകൊണ്ട് തന്നെ അഞ്ചുവർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ പഴയ വാടക വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി. പട്ടത്താനത്തെ 80 സെന്റ് ഭൂമി അച്ഛൻ ടി.കെ. ദിവാകരൻ വാങ്ങിയതാണ്. ഈ ഭൂമി ഇതുവരെ ഓഹരി ചെയ്തിട്ടില്ല. ടി.കെ. ദിവാകരന്റെ ഏഴ് മക്കൾക്കും ഒരു പോലെയാണ് ഇപ്പോഴും അവകാശം. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് പോകുന്ന സമയത്തൊഴിച്ച് പട്ടത്താനത്തെ വീട്ടിലാണ് താമസം.
സഹായം ചോദിച്ച് വരുന്നവർക്കെല്ലാം ഭാര്യയുടെ കൈയിൽ നിന്ന് വാങ്ങിയാണ് പണം നൽകുന്നത്. ഇ.എസ്.ഐ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഭാര്യ ഡോ. സുധയുടെ കൈവശവും കാര്യമായ സമ്പാദ്യമില്ല. ബാബുദിവാകരന്റെ പക്കൽ പതിനായിരം രൂപയുണ്ട്. ബാങ്കിൽ തിരഞ്ഞെടുപ്പ് സംഭാവനയിൽ ലഭിച്ച ചെറിയ തുകയും.