എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ ഇന്ന് പത്രിക നൽകും
ശാസ്താംകോട്ട : കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരും എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദുമാണ് ഇന്നലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ റിട്ടേണിംഗ് ഓഫീസർ ആർ.എസ്. രഞ്ജിത്തിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ ഇന്ന് രണ്ട് മണിക്ക് നാമനിർദ്ദേശ പത്രിക നൽകും. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന് അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പം ജോലി ചെയ്യുന്ന തൊഴിലുറപ്പു തൊഴിലാളികളാണ് കെട്ടി വയ്ക്കാനുള്ള പണം നൽകിയത്. ഭരണിക്കാവ് സിനിമാപറമ്പ് ജംഗ്ഷനിൽ നിന്ന് നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് ഉല്ലാസ് കോവൂർ പത്രിക സമർപ്പിച്ചത്.