കൊല്ലം: 'സഖാവ് മാമാ ഒരു പടം വരയ്ക്കുമോ'- മൂന്നു വയസുകാരൻ ഋഷു ചോദിച്ചപ്പോൾ കെ.എൻ. ബാലഗോപാൽ ഒന്നു ചിരിച്ചു, പിന്നെ കാൻവാസ് കൊണ്ടുവന്നാൽ നോക്കാമെന്നായി.
കാൻവാസിൽ ഞൊടിയിടയിൽ കാർട്ടൂണും അരിവാൾ ചുറ്റിക നക്ഷത്രവും തെളിഞ്ഞതോടെ കണ്ടുനിന്നവർക്ക് വിസ്‌മയം. ബാലഗോപാലിന്റെ ചിത്രമെഴുത്ത് അതുവരെ ആരും അറിഞ്ഞിരുന്നില്ല.
ഇന്നലെ നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല മരുതൂർ ജംഗ്ഷനിൽ ബാലഗോപാലും സംഘവും എത്തിയപ്പോഴാണ് ബാലസംഘത്തിലെ അംഗമായ ഋഷു അപ്രതീക്ഷിതമായി പടംവരയ്ക്കാൻ ആവശ്യപ്പെട്ടത്. കൊട്ടാരക്കര മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി വോട്ടുപിടിക്കാനും മറ്റുമുള്ള തിരക്കിനിടയിലും കാൻവാസ് കണ്ടപ്പോൾ ബാലഗോപാൽ വരച്ചുപോയി.
കുട്ടിക്കാലത്തേ കൂട്ടായ വര
പത്തനംതിട്ട കലഞ്ഞൂരിലെ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണി അമ്മയുടെയും മകനായ കെ.എൻ. ബാലഗോപാലിന് കുട്ടിക്കാലത്തേ വര ഇഷ്ടമായിരുന്നു. ചിത്രകഥ, കാർട്ടൂൺ എന്നിവ വരയ്ക്കാനാണ് ഇഷ്ടം. പുനലൂർ എസ്.എൻ കോളേജിൽ ചെയർമാനായിരിക്കേ കോളേജ് മാഗസിനിലാണ് ആദ്യ കാർട്ടൂൺ അച്ചടിച്ചത്. ഒഴിവു വേളകളിലാണ് കൂടുതൽ വരയും. സമ്മേളന വേദികളിലിരുന്ന് വരച്ചത് പലപ്പോഴും ചിരിമഴ പെയ്യിച്ചിട്ടുണ്ട്.
''
കേരളകൗമുദി പത്രമാണ് കാർട്ടൂണുകൾക്ക് വലിയ പ്രാധാന്യം നൽകിവന്നത്. പത്രമെടുത്താൽ ആദ്യം കാർട്ടൂണിലേക്ക് കണ്ണെത്തും. ഏറെനേരം ചിരിച്ചിട്ടുണ്ട്. നോക്കി വരയ്ക്കാറുമുണ്ട്. വല്ലാത്ത ഇഷ്ടമാണ് ചിരിവരകളോട്.
കെ.എൻ.ബാലഗോപാൽ