കൊല്ലം: കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ വരണാധികാരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആനന്ദവല്ലീശ്വരത്ത് നിന്ന് പ്രകടനമായിട്ടാണ് ബിന്ദുകൃഷ്ണ പത്രിക സമർപ്പിക്കുന്നതിനായി കളക്ടറേറ്റിൽ എത്തിയത്. സൂരജ് രവി, എ.കെ. ഹഫീസ്, പി.കെ. പ്രതാപചന്ദ്രൻ, രത്നകുമാർ, ജോർജ് ഡി. കാട്ടിൽ, എൻ. ഉണ്ണിക്കൃഷ്ണൻ, കൃഷ്ണവേണി ജി. ശർമ്മ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ വരണാധികാരി അസി. ഡെവലപ്മെന്റ് കമ്മിഷണർ (ജനറൽ) വി.ആർ. രാജീവിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചന്ദനത്തോപ്പ് രക്തസാക്ഷി മണ്ഡപം, ടി.കെ സ്മാരകം, ബേബിജോൺ സ്മാരകം, ആർ.എസ്. ഉണ്ണി സ്മൃതി മണ്ഡപം, വി.പി.ആർ സ്മാരകം എന്നിവിടങ്ങളിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് ബാബുദിവാകരൻ പത്രിക സമർപ്പിക്കാൻ എത്തിയത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, അഡ്വ. ഷാനവാസ് ഖാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ ആർ. ശങ്കർ സമാധിയിലും അയ്യങ്കാളി പ്രതിമയിലും പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്.