കൊല്ലം: കൊച്ചുവർത്തമാനം പറഞ്ഞും പ്രശ്നങ്ങൾ കേട്ട് പരിഹരിക്കാമെന്ന ഉറപ്പുനൽകിയും കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ കശുഅണ്ടി തൊഴിലാളികൾക്കൊപ്പം ചേർന്നു. ഇന്നലെ നെടുവത്തൂർ പഞ്ചായത്തിലെ ഒട്ടുമിക്ക കശുഅണ്ടി ഫാക്ടറികളിലും ബാലഗോപാലും സംഘവും പര്യടനം നടത്തി. തൊഴിലിടങ്ങൾ സജീവമാക്കിയ സർക്കാരിന് നന്ദി പറയുമ്പോഴും തങ്ങളുടെ കുടുംബ കാര്യങ്ങളുൾപ്പടെ നൂറുകൂട്ടം കാര്യങ്ങൾ അവർക്ക് പറയാനുണ്ടായിരുന്നു. എല്ലാത്തിനും ചെവികൊടുത്തും ഉത്തരം നൽകിയും നീങ്ങിയതിനാൽ പ്രതീക്ഷിച്ച സമയക്രമങ്ങളെല്ലാം തെറ്റി. എന്നിട്ടും പ്രവർത്തകരുടെ ആവേശം ചോർന്നില്ല. നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിൽ നിന്നാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. നെടുവത്തൂർ, വല്ലം, അവണൂർ, ചാലൂക്കോണം, തെക്കുംപുറം, തേവലപ്പുറം, ആനക്കോട്ടൂർ, തെക്കുംപുറം, പുല്ലാമല ഫാക്ടറികളിലാണ് പ്രധാനമായും അദ്ദേഹം സന്ദർശനം നടത്തിയത്. പ്രധാന കവലകളിലെല്ലാമിറങ്ങി വ്യാപാരികളെയും ഓട്ടോ ഡ്രൈവർമാരെയും കണ്ട് വോട്ടുചോദിച്ചു. കോട്ടാത്തല മരുതൂർ ബ്രാഞ്ച് കമ്മിറ്റിയിലെ ബാലസംഘം കൂട്ടുകാർ പൂക്കളുമായി കാത്തുനിന്നാണ് ബാലഗോപാലിനെ വരവേറ്റത്. അവരുടെ ആവശ്യപ്രകാരം കാർട്ടൂൺ വരയ്ക്കാനും അദ്ദേഹം തയ്യാറായി. നെടുവത്തൂർ കാർഷിക വിപണിയിലെത്തിയ ബാലഗോപാലിനെ വാഴക്കുല നൽകിയാണ് കർഷകർ സ്വീകരിച്ചത്.