ചാത്തന്നൂർ: ദേവാലയങ്ങൾ സന്ദർശിച്ച് ബി.ജെ.പി സ്ഥാനാർഥി ബി.ബി. ഗോപകുമാർ ഇന്നലെ മണ്ഡലത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. മരുതമൺപള്ളി മഹാവിഷ്ണു ക്ഷേത്രത്തിലും പൂയപ്പള്ളി കൃസ്തീയ ദേവാലയത്തിലും സന്ദർശനം നടത്തിയ ശേഷം പൂയപ്പള്ളിയിലെ രാഷ്ട്രീയ സാംസ്ക്കാരിക സാമുദായിക രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. അതിർത്തി പ്രദേശങ്ങളായ കുരിശിൻ മൂട്, നാൽക്കവല, ചെപ്രമുക്ക്, മീയണ്ണൂർ വഴി പൂയപ്പള്ളിയിൽ പ്രചരണം അവസാനിച്ചു. നെല്ലിക്കുന്നം ശ്രീകൃഷ്ണസ്വാമി ഷേത്രത്തിൽ ഉത്സവത്തിനിടെ എത്തിയ ഗോപകുമാർ കണ്ണനും ഗോപികമാരുമായി വേഷമിട്ട് നൃത്തത്തിനൊരുങ്ങി നിന്ന കുരുന്നുകളോടും വിശേഷം പങ്കിട്ടു.
ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ പുത്തൻകുളം, പൂയപ്പള്ളി അനിൽ, മണ്ഡലം സെക്രട്ടറി തുഷാരാദേവി, പൂയപ്പള്ളി ഗ്രാമപഞ്ചായത്തംഗം ശ്രീലാൽ, ഉണ്ണികൃഷ്ണപിള്ള, മാധവൻ നമ്പൂതിരി, ദീപാസുരേഷ്, ദീപാപ്രകാശ്, രാജഗോപാലൻ നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു.