തഴവ: ലെവൽ ക്രോസിൽ ടിപ്പർ ഇടിച്ചുകയറി ഒടിഞ്ഞ റെയിൽവേ ഗേറ്റ് റേയിൽവേ ഇലക്ട്രിക് ലൈനിൽ തട്ടി ട്രെയിൻ ഗതാഗതം ഭാഗികമായി മുടങ്ങി. വവ്വാക്കാവ് - മണപ്പള്ളി റോഡിൽ കുറുങ്ങപ്പള്ളി റേയിൽവേ ഗേറ്റിൽ ഇന്നലെ ദിവസം രാത്രി 8.30 ഓടെയായിരുന്നു അപകടം. ലെവൽ ക്രോസ് തുറന്നുകൊണ്ടിരിക്കെ മുന്നോട്ടെടുത്ത ടിപ്പർ ലോറിയുടെ മുകൾ ഭാഗം ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഒടിഞ്ഞ ഗേറ്റ് റേയിൽവേ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഇതോടെ കിഴക്കേ ട്രാക്കിലൂടെയുള്ള ഗതാഗതം മുടങ്ങി. തുടർന്ന് ഒറ്റ ട്രാക്കിലൂടെയാണ് ട്രെയിനുകൾ കടന്നുപോയത്. സിഗ്നൽ സംവിധാനവും ഗേറ്റും തകർന്നതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. റെയിൽവേയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ ഗേറ്റ് പ്രവർത്തനക്ഷമമാക്കാനുള്ള പരിശ്രമം രാത്രി വൈകിയും തുടരുകയാണ്.