ananthu

ചാത്തന്നൂർ: അവധിക്കെത്തിയ പട്ടാളക്കാരായ സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്ര നടത്തി മടങ്ങവേ യുവ സൈനികൻ കാറിടിച്ച് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ആനാംചാൽ അനന്തു ഭവനിൽ സോമൻ - സുജ ദമ്പതികളുടെ മകൻ അനന്തുവാണ് (22) മരിച്ചത്. ഇന്നലെ പുലർച്ചെ ആറോടെ ആലപ്പുഴയിലായിരുന്നു അപകടം.

യു.പിയിൽ ജോലി ചെയ്തിരുന്ന ആറംഗസംഘം ഒരാഴ്ച മുൻപാണ് അവധിക്കെത്തിയത്. കൊട്ടാരക്കര,​ പരവൂർ,​ നെടുങ്ങോലം സ്വദേശികളാണിവർ. മൂന്ന് ബൈക്കുകളിലായി വയനാട് ട്രിപ്പിന് ശേഷം ഇന്നലെ പുലർച്ചെ ചാത്തന്നൂരിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കിൽ നിന്നിറങ്ങി പാതയോരത്ത് നിൽക്കവേ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുവർഷം മുൻപാണ് കരസേനയിൽ ചേർന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നുച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മരണവിവരം സൈനിക കേന്ദ്രത്തിൽ അറിയിച്ചിട്ടുണ്ട്. പിതാവ് വിദേശത്താണ്. സഹോദരി സ്വാതി (കല്യാണി) ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ്.