
തിരുവനന്തപുരം: സിനിമാ നടിമാരെ വെല്ലുംവിധം അണിഞ്ഞൊരുങ്ങി ആഡംബരകാറിൽ വന്നിറങ്ങും. ആരെയോ കാത്ത് നിൽക്കുംപോലെ കുറച്ച് സമയം ബസ് സ്റ്റോപ്പിൽ ചുറ്റിപ്പറ്റി നിന്ന് യാത്രക്കാരെയൊക്കെ നിരീക്ഷിക്കും. ആഭരണങ്ങളോ പണമോ ഉള്ള ഏതെങ്കിലും ഒരു സ്ത്രീയെ ലക്ഷ്യം വയ്ക്കും. തുടർന്ന് അവർ കയറുന്ന ബസിൽ കയറും. ബസിൽ ഉന്നംവച്ച ഇരയുടെ ഇടവും വലവും നിന്ന് കൃത്രിമമായ തിരക്കുണ്ടാക്കും. ഉന്തിലും തള്ളിലും ഇരയുടെ ശ്രദ്ധ മാറിയെന്ന് മനസിലാക്കിയാൽ കഴുത്തിൽ നിന്ന് മാലയോ ബാഗിൽ നിന്ന് പഴ്സോ തന്ത്രപൂർവം കൈക്കലാക്കും. കവർച്ച നടന്നതായി ഇര തിരിച്ചറിയുംമുമ്പേ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങും. പണമായാലും പൊന്നായാലും കൂട്ടുകാരുമായി സുരക്ഷിത സ്ഥാനത്തേക്ക് മാറും. കവർച്ചയ്ക്കായി രാവിലെ കാറിൽ കൊണ്ടുവിട്ടയാൾ നിമിഷങ്ങൾക്കകം സ്ഥലത്തെത്തും. തുടർന്ന് മറ്റൊരു ഇരയെതേടി അടുത്ത സ്ഥലത്തേക്ക്.
തിരുട്ടുഗ്രാമങ്ങളിൽ നിന്നെത്തിയവർ
ഉത്സവസീസണുകളിൽ കേരളത്തിൽ പതിവായി കവർച്ചയ്ക്കിറങ്ങുന്ന തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് കൊവിഡ് ഭീതിയ്ക്കിടയിലും ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയത് ലാക്കാക്കി മോഷണം ലക്ഷ്യമിട്ടെത്തിയിരിക്കുന്നത്. കൊവിഡ് കണക്കിലെടുത്ത് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങുകൾ മാത്രമാണ് നടക്കുന്നതെങ്കിലും ചില ക്ഷേത്രങ്ങളിൽ പൂജകൾക്കും ദശനത്തിനുമുള്ള തിരക്കിനിടെ കവർച്ച നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് തിരുട്ട് ഗ്രാമക്കാർ ഇവിടേക്ക് വണ്ടികയറിയിരിക്കുന്നത്.
സ്ത്രീസംഘങ്ങൾ പലയിടത്തും
കഴിഞ്ഞ ദിവസം നഗരത്തിലെ ബസുകളിൽ സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പഴ്സും പണവും ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പൊലീസ് പിടിയിലായ മധുര പുണ്യവാരം കർപ്പകവതി തെരുവിൽ താമസം മാരി എന്ന ഭവാനിയുടെയും (24) സംഘത്തിന്റെയും മോഷണ രീതിയാണിത്.
ഭവാനി മാത്രമല്ല, ഇത്തരത്തിൽ മാന്യമായ വേഷമണിഞ്ഞ് പിടിച്ചുപറി നടത്തുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീ സംഘങ്ങൾ പലയിടത്തുമുണ്ട്. അത്തരക്കാരെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ആഡംബരകാറിൽ പുരുഷസംഘം
ആഡംബരകാറിലെത്തി തൊണ്ടിമുതലുമായി ഇത്തരക്കാരെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ പുരുഷൻമാരുടെ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഭവാനിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. വലിയ കൊയ്ത്ത് ലക്ഷ്യമിട്ടാണ് ഇത്തരം പിടിച്ചുപറി സംഘങ്ങൾ പല കേന്ദ്രങ്ങളിലും എത്തുന്നത്. 'കൊയ്ത്ത്' കഴിഞ്ഞാൽ ഒരു നിമിഷംപോലും വൈകാതെ നാട്ടിലേക്ക് തിരിക്കും. അവിടെ അടിച്ചുപൊളി ജീവിതം. അതുകഴിഞ്ഞാൽ വീണ്ടും അടുത്ത ലക്ഷ്യസ്ഥാനംതേടി ഇറങ്ങുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.
രക്ഷപ്പെടാൻ തന്ത്രം പയറ്റി
കഴിഞ്ഞ കുറച്ച് മാസങ്ങളായി വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട്, കരമന, പേരൂർക്കട ഭാഗങ്ങളിൽ നിന്നുള്ള ബസുകളിൽ യാത്രക്കാരുടെ പണവും സ്വർണവും കവർച്ച ചെയ്യുന്നത് പതിവായതോടെ വനിതാ ഷാഡോ പൊലീസ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഭവാനി പിടിയിലായത്. തിരക്കുള്ള ബസിൽ കവർച്ചാശ്രമത്തിനിടെ വനിതാ പൊലീസ് സംഘത്തിന്റെ പിടിയിലകപ്പെട്ട ഭവാനി രക്ഷപ്പെടാൻ പല തന്ത്രങ്ങളും പയറ്റിയെങ്കിലും വനിതാ ഷാഡോ സംഘങ്ങൾ വിട്ടുകൊടുത്തില്ല.
മലമൂത്ര വിസർജ്ജനവും അടവ്
കവർച്ച നിഷേധിച്ചും കള്ളപ്പേരും വിലാസവും നൽകിയും പൊലീസിനെ പറ്റിക്കാൻ ഭവാനി നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു. കവർച്ചയ്ക്ക് കൂട്ടിനുണ്ടായിരുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്താതെ അവസാന നിമിഷം വരെ പിടിച്ചുനിന്ന ഭവാനി കരഞ്ഞും മൂക്ക് ചീറ്റിയും മലമൂത്ര വിസർജ്ജനം നടത്തിയും തടിയൂരാൻ പണി പലതും പയറ്റി. എന്നാൽ, സ്വർണവും പണവും നഷ്ടപ്പെട്ടവരെ പൊലീസ് വിളിച്ചുവരുത്തുകയും അവർ ഭവാനിയെ തിരിച്ചറിയുകയും ചെയ്തതോടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞു.
കഴിഞ്ഞദിവസം രണ്ടായിരം രൂപ മോഷ്ടിച്ച കേസിൽ പ്രതിയാക്കി ഭവാനിയെ അറസ്റ്റ് ചെയ്ത പൊലീസ് മറ്റുളളവരുടെ പരാതികളിലും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇവരെ വരുംദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനവും കൂട്ടാളികളെയും കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.