crime

തിരുവനന്തപുരം: അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തലവനായ ആന്ധ്രപ്രദേശ് മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ലശ്രീനിവാസ റാവുവും കൂട്ടാളിയും പൊലീസ് പിടിയിലായതോടെ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവിന്റെ കുത്തൊഴുക്ക് നിലയ്ക്കുമോ?. കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് എറണാകുളം റൂറൽ പൊലീസ് നർക്കോട്ടിക് സംഘം ആന്ധ്രയിലെ നക്സൽ മേഖലയിൽ നിന്ന് ശ്രീനിവാസ റാവുവിനെയും (26) പിന്നാലെ കൂട്ടാളി പോത്ത് രാജീവെന്ന രാജീവിനെയും പൊലീസ് പിടികൂടിയത്.

ഉറവിടത്തിലേക്ക് നീണ്ട അന്വേഷണം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസും പൊലീസും പലപ്പോഴായി പിടികൂടിയ കഞ്ചാവ് കേസുകളിൽ ഉറവിടത്തിലേക്കുള്ള അന്വേഷണങ്ങൾ ശ്രീനിവാസ റാവുവിലാണ് അവസാനിച്ചിരുന്നതെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ പൊലീസിനോ എക്സൈസിന് കഴിയാതിരിക്കെയാണ്എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
വിജയവാഡയിൽ നിന്ന് മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് പൊലീസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.

മകവാരപാളയത്തിൽ ടാക്സി ഓടിക്കുന്ന ഇയാൾ ആദിവാസി മേഖലയുമായി അടുത്തബന്ധമുള്ളയാളാണ് ശ്രീനിവാസ റാവു. മലയാളികൾ കഞ്ചാവിന് എത്തുമ്പോൾ സാമ്പിൾ കാണിച്ച് വില പറഞ്ഞുറപ്പിച്ചശേഷം ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലേക്ക് പോകുകയാണ് ഇയാളുടെ രീതി. മണിക്കൂറുകൾക്ക് ശേഷം പായ്ക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിലെത്തിച്ച് കൈമാറും. ഇത്തരത്തിൽ ടൺ കണക്കിന് കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

കഞ്ചാവ് വാങ്ങാനെന്ന വ്യാജേന എത്തി

കഞ്ചാവ് വാങ്ങാനെന്ന് പറഞ്ഞ് ശ്രീനിവാസ റാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാമ്പിളുമായി എത്തിയപ്പോളാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നക്സൽ സ്വാധീനമുള്ള പ്രദേശത്ത് ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുക ശ്രമകരമായ കാര്യമായിരുന്നു.

ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൂടുതൽ കഞ്ചാവ് ശേഖരങ്ങൾ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചുള്ള വ്യക്തമായ വിവരവും അന്വേഷണത്തിൽ ലഭിച്ചിരുന്നു.

ആദിവാസി മേഖലയിൽ കേന്ദ്രീകരണം

ഉത്തര ആന്ധ്രയുടെ അതിർത്തിയിലെ ആദിവാസി മേഖലകളാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ ഉറവിടം. തദ്ദേശവാസികളായ ചിലരുടെ ഒത്താശയും കഞ്ചാവ് കടത്ത് സംഘത്തിന് ലഭിക്കുന്നതിനാൽ ഇവരെ പിടികൂടുക വളരെ ദുഷ്കരമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. അന്വേഷണ സംഘത്തിന് നേരെ പലപ്പോഴും ആക്രമണങ്ങളും നടന്നിട്ടുണ്ട്. ശ്രീനിവാസ റാവുവിനെയും കൂട്ടാളി പോത്ത് രാജീവിനെയും പിടികൂടിയതോടെ കേരളത്തിലെ കഞ്ചാവ് ശൃംഖല തകർക്കാൻ കഴിയുമെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അന്വേഷണസംഘത്തലവൻ കെ.കാർത്തിക് പറഞ്ഞു.

പായ്ക്കറ്റിലാക്കി രഹസ്യ അറകളിൽ കടത്തും

രാജീവിന്റെ കൂട്ടാളികളായ റസല്‍, ബന്നറ്റ് എന്നിവരേയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്രയിലെ നക്‌സൽ മേഖലയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. രണ്ട് കിലോ വീതമുള്ള പ്രത്യേക പായ്ക്കറ്റുകളാക്കി വാഹനത്തിൽ രഹസ്യ അറകളിലും ബോക്‌സുകളിലുമായാണ് ഇത് കേരളത്തിലേക്ക് എത്തിക്കുന്നത്. രാജീവാണ് വാഹനം ഓടിക്കുന്നത്. ഒരു ട്രിപ്പിന് ഇയാൾക്ക് എഴുപതിനായിരമാണ് കൂലി. സാഹസികമായി വാഹനമോടിക്കുന്നതിൽ വിദഗ്ദ്ധനായ ഇയാൾക്കെതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. റാവുവിനെ പിടികൂടി കേരളത്തിലെത്തിച്ചതോടെ പഴയ കേസുകളിൽ പലതിലും ഇയാളെ കസ്റ്റഡിയിൽ വാങ്ങാനും അറസ്റ്റ് ചെയ്യാനും എക്സൈസും പൊലീസും നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ കേസുകളിൽ അറസ്റ്റും കുറ്റപത്രസമർപ്പണവും നടക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയും ചെയ്താൽ റാവുവിന്റെ ശിഷ്ടകാലം കേരളത്തിലെ ജയിലുകളിലാകും ജീവിതം.