kollam

കൊല്ലം: ജില്ലയിൽ വർഷങ്ങളായി ഇടത്തോട്ട് ചാഞ്ഞുനിൽക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കുണ്ടറ. എന്നാൽ, കുണ്ടറയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്ഥിരമായി ഒരു മുന്നണിയെ പിന്തുണച്ച ചരിത്രമില്ല. ആകെ നടന്ന ഒരുഡസനോളം തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണ സി.പി.എമ്മിനൊപ്പവും അഞ്ച് തവണ കോൺഗ്രസിനൊപ്പവും നിന്നു. പിണറായി വിജയൻ സർക്കാരിൽ രണ്ട് വനിതാ മന്ത്രിമാരിൽ ഒരാൾ കുണ്ടറയിൽ നിന്നുള്ള ജെ. മേഴ്സിക്കുട്ടിയമ്മയായിരുന്നു. ഇത്തവണയും മണ്ഡലം മേഴ്സിക്കുട്ടിയമ്മയിലൂടെ നിലനിർത്തുകയാണ് ഇടതു പക്ഷത്തിന്റെ ലക്ഷ്യം.

മണ്ഡലം രൂപീകൃതമായ 1967ലെ തിരഞ്ഞെടുപ്പിൽ പി.കെ സുകുമാരനാണ് കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തിയത്. എന്നാൽ പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പം നിന്ന കുണ്ടറയുടെ മനസ് എ.എ. റഹിമിനെ ജയിപ്പിച്ചു. 1980ൽ വി.വി ജോസഫിലൂടെ സി.പി.എം തിരിച്ചുവന്നപ്പോൾ രണ്ട് വർഷങ്ങൾക്കപ്പുറം നടന്ന ഏഴാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോപ്പിൽ രവി ജയിച്ചു. 1987ലാണ് മേഴ്സിക്കുട്ടിയമ്മ ആദ്യമായി കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 1996ലും 2016ലും മേഴ്സിക്കുട്ടിയമ്മ ജയിച്ചപ്പോൾ 1991ൽ അൽഫോൺസാ ജോണും 2001ൽ കടവൂർ ശിവദാസനും കുണ്ടറയിൽ കോൺഗ്രസ് കൊടിപാറിച്ചു. 2006 മുതൽ പത്ത് വർഷം എം.എ ബേബിയായിരുന്നു കുണ്ടറയിലെ എം.എൽ.എ.

മേഴ്സിക്കുട്ടിഅമ്മയ്ക്ക് 79,47

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമായിരുന്നു കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മയുടേത്. 79,​047 വോട്ടുകൾ നേടിയ സി.പി.എം സ്ഥാനാർത്ഥി 30,​460 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ രാജ് മോഹൻ ഉണ്ണിത്താനെ തറപറ്റിച്ചത്. കോൺഗ്രസ് വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവ് സംഭവിച്ചപ്പോൾ ബി.ജെ.പി മണ്ഡലത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്തു.

സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ കുണ്ടറയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ മന്ത്രിമാരായും പ്രവർത്തിച്ചവരാണ്. കടവൂർ ശിവദാസൻ കെ. കരുണാകരൻ മന്ത്രിസഭയിലും സി.പി.എം പ്രതിനിധിയായിരുന്ന എം.എ ബേബി വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മേഴ്സിക്കുട്ടിയമ്മ പിണറായി മന്ത്രിസഭയിൽ അംഗമായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം

2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കുണ്ടറ ഉൾപ്പെടുന്ന കൊല്ലം ജില്ല കോൺഗ്രസിനൊപ്പമായിരുന്നു.

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി വീണ്ടും മാറി. പിണറായി മന്ത്രിസഭയിലെ പല മുതിർന്ന മന്ത്രിമാരും ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോഴും ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ നാലാം അങ്കത്തിന് ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ട് തവണ മത്സരിച്ചില്ലയെന്നതാണ് മേഴ്സിക്കുട്ടിയമ്മയ്ക്ക് അനുഗ്രഹമായത്.

കഴിഞ്ഞ തവണ കൊല്ലത്തെ ചുവപ്പിച്ച കുണ്ടറയടക്കമുള്ളമണ്ഡലങ്ങളിൽ ഇത്തവണയും ജയം മാത്രമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. വൈകിയെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ പേരായിരുന്നു പി.സി വിഷ്ണുനാഥിന്റേത്. കഴിഞ്ഞ മൂന്ന് തവണയും തുടർച്ചയായി ഇടത് പക്ഷത്തിനൊപ്പം നിന്ന മണ്ഡലം തിരികെയെത്തിക്കുക എന്ന ദൗത്യമാണ് കുണ്ടറയിൽ പി.സി വിഷ്ണുനാഥിനുള്ളത്.