പുനലൂർ: പുനലൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ രണ്ടത്താണിയുടെ റോഡ് ഷോ ഇന്നലെ കുളത്തൂപ്പുഴയിലെ വിവിധ പ്രദേശങ്ങളെ ഇളക്കിമറിച്ചു. നൂറ് കണക്കിന് പേരാണ് അദ്ദേഹത്തിനൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ അണിനിരന്നത്. പുനലൂർ ബി.ഡി.ഒ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷമാണ് അബ്ദു റഹ്മാൻ രണ്ടത്താണി ഇന്നലെ പ്രചാരണത്തിന് ഇറങ്ങിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴും നൂറ് കണക്കിന് പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. കെ.പി.സി.സി. സെക്രട്ടറി സൈമൺ അലക്സ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിജയകുമാർ, സി.മോഹനൻപിള്ള, അഞ്ചൽ ഷാനവാസ് എന്നിവരാണ് സ്ഥാനാർത്ഥിയോടൊപ്പം പത്രിക സമർപ്പിക്കാൻ ബി.ഡി.ഒ.യ്ക്ക് മുമ്പാകെ എത്തിയത്. അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് പി.ബി. വേണുഗോപാൽ, യു.ഡി.എഫ് നേതാക്കളായ ഏരൂർ സുഭാഷ്, നെൽസൺ സെബാസ്റ്റ്യൻ, കെ. ശശിധരൻ, സഞ്ജു ബുഖാരി, എബ്രഹാം ജോർജ്ജ്, അമ്മിണി രാജൻ, സക്കീർ ഹുസൈൻ, ജോസഫ് മാത്യു, അൻസറുദ്ദീൻ, അഡ്വ.സുൽഫിക്കർ സലാം, ജലീൽ പുനലൂർ, റജി തടിക്കാട്, തുടങ്ങിയ വരുടെ നേതൃത്വത്തിലാണ് പത്രികാ സമർപ്പണം നടത്തിയത്. കഴിഞ്ഞ ദിവസം പുനലൂർ കോൺഗ്രസ് ഭവനിൽ കൂടിയ തിരഞ്ഞെടുപ്പ് അവലോകന യോഗം ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.എ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.