
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഏർപ്പെട്ട അമേരിക്കൻ കമ്പനി ഇ.എം.സി.സിയുടെ കേരളത്തിലെ ഉപകമ്പനി ഡയറക്ടർ കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്കെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ചു.എറണാകുളം വൈപ്പിൻ സ്വദേശി ഷിജു വർഗീസാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് കൊല്ലം കളക്ടറേറ്റിലെത്തി റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറും വരണാധികാരിയുമായ പ്രിയ.ഐ.നായർക്കാണ് നാമനിർദ്ദേശ പത്രിക നൽകിയത്.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പിഴവ് പറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. മന്ത്രിയുടെയും സർക്കാരിന്റെയും വാക്കുകൾ വിശ്വസിച്ചാണ് കമ്പനി മുതൽമുടക്കിയതെന്നും ഷിജുവർഗീസ് പറഞ്ഞു. വിവാദമായതോടെ ഇ.എം.സി.സിയുമായുള്ള എല്ലാ കരാറുകളും സർക്കാർ റദ്ദാക്കിയിരുന്നു.
'ചില കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഷിജുവർഗീസ് മത്സരിക്കുന്നത്".
- ജെ. മേഴ്സിക്കുട്ടിഅമ്മ
'മന്ത്രി പറഞ്ഞതും പ്രചരിപ്പിച്ചതും നുണയാണ്. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് തന്റെ മത്സരം".
- ഷിജു വർഗീസ്, ഡയറക്ടർ, ഇ.എം.സി.സി ഉപകമ്പനി