കൊല്ലം: ചുട്ടുപൊള്ളുന്ന കൊടുംചൂടിനിടെ കുളിരായി പെയ്തിറങ്ങിയ വേനൽമഴ നഗരത്തിന് നേരിയതോതിൽ ആശ്വാസമേകി. ശക്തമല്ലെങ്കിലും ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. കൊട്ടിയം, അഞ്ചാലുംമൂട്, കാവനാട്, ചിന്നക്കട തുടങ്ങിയയിടങ്ങളിലെല്ലാം മഴ ലഭിച്ചു.
അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും മത്സ്യത്തൊഴിലാളികളും. വേനൽ മഴയിൽ കൂരിത്തേഡ് പോലുള്ള മത്സ്യങ്ങളുടെ ലഭ്യത കൂടുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം, വരുംദിവസങ്ങളിൽ വേനൽമഴ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെങ്കിലും ശക്തമായിരിക്കില്ലെന്നാണ് സൂചന.
ചുട്ടുപൊള്ളും
വേനലിനെ തുടർന്ന് നഗരത്തിലെ ചൂട് 36 ഡിഗ്രി വരെ ഉയർന്നിരുന്നു. അന്തരീക്ഷത്തിൽ ജലസാന്ദ്രത കുറവായതിനാൽ തീവ്രത വളരെ രൂക്ഷമായിരുന്നു. വരുംദിവസങ്ങളിലും ചൂട് ഇനിയും കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. 20 കിലോമീറ്റർ വേഗത്തിലുള്ള വരണ്ട കാറ്റിനും സാദ്ധ്യതയുണ്ട്.