തൊടിയൂർ: ആറരവയസിനുള്ളിൽ 2,320 ചിത്രങ്ങൾ വരച്ചുകൂട്ടിയ കൊച്ചുമിടുക്കൻ ഏഷ്യൻ വേൾഡ് റെക്കാർഡിൽ ഇടംപിടിച്ചു. നാക്കും മൂക്കും ഉപയോഗിച്ച് ചിത്രം വരച്ച് ലോകശ്രദ്ധ നേടിയ ചിത്രകാരൻ അനി വർണത്തിന്റെയും കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വർണമയൂഖത്തിൽ സുമിതയുടെയും മകനായ എ.എസ്. അഭിമന്യുവാണ് കുരുന്നുപ്രതിഭ.
ആർ. രാമചന്ദ്രൻ എം.എൽ.എ ഇന്നലെ അഭിമന്യുവിന് ഏഷ്യൻ വേൾഡ് റെക്കാർഡ് സമ്മാനിച്ചു.
അച്ഛൻ അനിവർണം ചിത്രകലാ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യു. പാരമ്പര്യവും നൈസർഗിക വാസനയും സമന്വയിച്ചപ്പോൾ അഭിമന്യു വരച്ചുകൂട്ടിയത് വൈവിദ്ധ്യമാർന്ന ചിത്രങ്ങളാണ്. മനുഷ്യർ, പ്രകൃതി, മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, നദികൾ തുടങ്ങിയവയെല്ലാം ചിത്രരചനയ്ക്ക് വിഷയമായി.
വാട്ടർ കളർ, ഓയിൽ പെയിന്റ്, കളർ പെൻസിൽ, ഗ്ലാസ് പെയിന്റ്, ക്രയോൺസ് തുടങ്ങിയ സങ്കേതങ്ങളുപയോഗിച്ചാണ് ചിത്രരചന. സ്കൂൾ, പ്രാദേശിക തലത്തിൽ നിരവധി സമ്മാനങ്ങൾ അഭിമന്യു കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രരചനയിൽ അത്ഭുതം സൃഷ്ടിക്കുന്ന അഭിമന്യുവിനെപ്പറ്റി ആദ്യമായി വാർത്ത പ്രസിദ്ധീകരിച്ചത് കേരളകൗമുദിയാണ്.
വരച്ച ചിത്രങ്ങൾ: 2,320