somadas

കൊല്ലം: കൃഷിപ്പണി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ ഗൃഹനാഥൻ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കര പുത്തൂർ മാവടി സുശീല ഭവനത്തിൽ സുശീലയാണ് (58) കൊല്ലപ്പെട്ടത്. ഭർത്താവ് സോമദാസിനെ (63) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തിരുവനന്തപുരം അമ്പൂരി സ്വദേശികളാണ് ഇരുവരും. ആദ്യ ഭാര്യ ജീവിച്ചിരിക്കെയാണ് സുശീലയെ ഒപ്പം കൂട്ടി സോമദാസ് ഏഴ് വർഷം മുമ്പ് മാവടിയിലെത്തിയത്.

മാവടി ഏലായ്ക്ക് സമീപം ഏഴ് സെന്റ് ഭൂമി വാങ്ങി വീടുവച്ചായിരുന്നു താമസം. ഈ ബന്ധത്തിൽ കുട്ടികളില്ല. പ്രദേശത്ത് പാട്ടത്തിന് ഭൂമിയെടുത്താണ് സോമദാസ് കൃഷി ചെയ്തിരുന്നത്.

ആദ്യ ഭാര്യയിൽ സോമദാസിന് മൂന്ന് മക്കളുണ്ട്. രോഗിയായിരുന്ന ഭാര്യ മൂന്നു വർഷം മുമ്പാണ് മരിച്ചത്.

ഇവർക്ക് മറ്റാരുമായും അടുപ്പമുണ്ടായിരുന്നില്ലെന്നും ദിവസവും വഴക്ക് നടക്കാറുണ്ടെന്നും അയൽക്കാർ പൊലീസിന് മൊഴി നൽകി. ഇന്നലെ രാവിലെ കൃഷിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ സോമദാസ് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടെങ്കിലും സുശീല തയ്യാറായില്ല. തുടർന്ന് വാക്കേറ്റമുണ്ടാവുകയും സമീപത്തുകിടന്ന വിറകെടുത്ത് സുശീലയുടെ തല അടിച്ച് പൊട്ടിക്കുകയുമായിരുന്നു.

രക്തംവാർന്ന് സുശീല കുഴഞ്ഞുവീണു. മരിച്ചെന്ന് ഉറപ്പാക്കിയാണ് സോമദാസ് വീടിന് പുറത്തേക്കിറങ്ങിയത്. കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ ശേഷം അതുവഴി വന്നയാളുടെ മൊബൈൽ ഫോൺ വാങ്ങി 100-ൽ വിളിച്ച് വിവരം പൊലീസിൽ അറിയിച്ചു.

പൊലീസ് എത്തിയപ്പോഴേക്കും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. പൂത്തൂ‌ർ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സുശീലയെ ജീപ്പിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.