
കൊല്ലം: ശബരിമല വിഷയത്തിൽ പരസ്പരവിരുദ്ധ പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പമുണ്ടാക്കുന്നതിന് പകരം ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിലുള്ള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടുകളിൽ മാറ്റമില്ലെന്ന് ആവർത്തിക്കുമ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ മനഃപൂർവം ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇത്തരം പ്രവൃത്തികൾ.
ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് കോടതിയിൽ നൽകിയ സത്യവാങ്മൂലം മാറ്റിനൽകാൻ തയ്യാറാകണം. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ധ്വംസിക്കുന്നതിന് സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുത്തതിന് തെളിവാണ് ശബരിമല വിഷയം. സർക്കാർ സ്വീകരിച്ചിരുന്ന മുൻനിലപാടുകളിൽ മാറ്റമുണ്ടോയെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും എം.പി പറഞ്ഞു.