photo
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ പൊലീസ് മർദ്ദനത്തിൽ കൈ ഒടിഞ്ഞ കെ.എൻ.ബാലഗോപാൽ

കൊല്ലം: പഠനവും പോരാട്ടവുമായി കടന്നുവന്ന യൗവനമെന്നാണ് കെ.എൻ.ബാലഗോപാലിനെപ്പറ്റി പഴയ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ബിരുദ പഠനത്തിനായി പുനലൂർ എസ്.എൻ.കോളേജിൽ എത്തിയപ്പോഴാണ് ബാലഗോപാൽ വിദ്യാർത്ഥി സംഘടനാ രംഗത്ത് ചുവടുറപ്പിച്ചത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് വന്നതെങ്കിലും പുനലൂർ ബാലഗോപാലിന്റെ തട്ടകമായി മാറി. പഠിയ്ക്കാനും വരയ്ക്കാനും പ്രസംഗിക്കാനും മിടുക്കനായ ചെറുപ്പക്കാരനെ കൂട്ടുകാരായ എസ്.എഫ്.ഐക്കാർ നിർബന്ധിച്ചാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. വിദ്യാർത്ഥികളുടെ മുക്കാൽ പങ്കിൽക്കൂടുതൽ വോട്ടുകൾ നേടി ചെയർമാനായി. സംഘാടക മികവ് പ്രകടമാക്കിയ ചെയർമാനെ പാർട്ടി നേതൃത്വം ശ്രദ്ധിച്ചു. പിന്നെ എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ദേശീയ പ്രസിഡന്റുമാക്കി.

പ്ളാസ്റ്ററിട്ട കൈയുമായി പരീക്ഷാ ഹാളിൽ

അടിച്ചാൽ തിരിച്ചടിക്കുന്ന ചെറുപ്പക്കാരൻ സമരമുഖങ്ങളിൽ നിറഞ്ഞുനിന്നു. പൊലീസുമായി നിരവധി തവണ കയ്യാങ്കളിയുണ്ടായി. 1993ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന വേളയിൽ തിരുവനന്തപുരത്ത് ഒൻപത് ദിവസത്തെ നിരാഹാര സമരമുണ്ടായിരുന്നു. ഒൻപതാം ദിവസം ബാലഗോപാലിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പൊലീസിന്റെ ലാത്തിച്ചാർജ്ജിൽ ബാലഗോപാലിന്റെ കൈ ഒടിഞ്ഞു. ദിവസങ്ങളോളും ആശുപത്രിയിൽ കിടന്നശേഷം പ്ളാസ്റ്ററിട്ട കൈയുമായി പരീക്ഷാ ഹാളിൽ ചെല്ലേണ്ടി വന്നിരുന്നു. പലതവണ സമരങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നു. പഠനത്തിലും ഒട്ടും പിന്നിലല്ലായാരുന്നു. പുനലൂർ എസ്.എൻ.കോളേജിൽ നിന്ന് ബി.കോം ബിരുദവും തിരുവനന്തപുരം എം.ജി കോളേജിൽ നിന്ന് എം.കോം ബിരുദവും സ്വന്തമാക്കിയത് ഉയർന്ന മാർക്കോടെയാണ്. തുടർന്ന് തിരുവനന്തപുരം ലാ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.

ജോലി ഉപേക്ഷിച്ച് സംഘടനാപ്രവർത്തനം

പഠനശേഷം ദേശസാത്കൃത ബാങ്കിൽ ഉയർന്ന ജോലി ലഭിച്ചു. എന്നാൽ വിദ്യാർത്ഥി സംഘടനാ രംഗത്ത് തുടരാനായിരുന്നു തീരുമാനം. പി.എച്ച്.ഡി എടുക്കണമെന്ന മോഹം മാത്രമാണ് ഇനിയും നടക്കാഞ്ഞതെന്ന് ബാലഗോപാൽ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പാടവമായിരുന്നു ബാലഗോപാലിന്റെ കൈമുതലെന്ന് അദ്ദേഹത്തിനൊപ്പം എസ്.എഫ്.ഐയുടെ ദേശീയ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന ഡി.എസ്.സുനിൽ ഓർക്കുന്നു. പ്രവർത്തകർക്കുവേണ്ടി എന്തിനും ഏതിനും മുന്നിൽത്തന്നെ ബാലഗോപാൽ ഉണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായപ്പോഴും പഴയ എസ്.എഫ്.ഐക്കാരുമായുള്ള ബന്ധം നിലനിറുത്തിപ്പോരുവാൻ ബാലഗോപാലിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പഴയ നേതാക്കളും പ്രവർത്തകരുമൊക്കെ കൊട്ടാരക്കരയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് എത്തിയിട്ടുണ്ട്.