ഓച്ചിറ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ഉപവരണാധികാരി ഓച്ചിറ ബി.ഡി.ഒ ജ്യോതി ലക്ഷ്മിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് വിജയിക്കുമെന്നും പ്രാദേശിക നേതാക്കളും ഘടകകക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പത്രിക സമർപ്പിച്ച ശേഷം മഹേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് ഒപ്പമുണ്ടായിരുന്ന തന്റെ അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.