കൊല്ലം: ഉറ്റവരില്ലാത്ത അമ്മമാരെ സ്നേഹത്താൽ വീർപ്പമുട്ടിച്ച് ജെ. മേഴ്സിക്കുട്ടിഅമ്മ. കേരളപുരം സെന്റ് വിൻസന്റ് ഓൾഡേജ് ഹോമിൽ നിന്നായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. മന്ത്രി പരിവേഷമില്ലാതെ കടന്നെത്തിയ മേഴ്സിക്കുട്ടിഅമ്മയെ അന്തേവാസികളായ അമ്മമാർ പനിനീർ പൂക്കൾ നൽകിയാണ് വരവേറ്രത്. തൊട്ടും തലയിൽ കൈവച്ച് അനുഗ്രഹിച്ചും അവർ സ്നേഹം കാട്ടി. എല്ലാവർക്കുമൊപ്പം ഏറെസമയം ചെലവിട്ടതിന് ശേഷമാണ് മേഴ്സിക്കുട്ടിഅമ്മ മടങ്ങിയത്.
തുടർന്ന് ഇളമ്പള്ളൂർ പഞ്ചായത്തിലെ വായനശാല, ത്രിവേണി ജംഗ്ഷൻ, കോവിൽമുക്ക്, മിലിറ്ററി കാന്റീൻ, പെരുമ്പുഴ സെറ്റിൽമെന്റ് കോളനി, പെരുമ്പുഴ പുന്നമുക്ക് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, ജി. ബാബു, സി. സോമൻപിള്ള, പി.പി. ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.