
കൊല്ലം: കുടുംബങ്ങളിലെ ഒത്തൊരുമ മുന്നോട്ട് കൊണ്ടുപോകാൻ സ്നേഹത്തിന്റെ പ്രചാരകരായ അരുമകളെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ലോക ആഹ്ളാദ ദിനവുമായി ബന്ധപ്പെട്ട് കൊല്ലം ടി.കെ.എം ആർട്ട്സ് കോളേജിൽ സംഘടിപ്പിച്ച 'അരുമകളിൽ നിന്ന് ആഹ്ളാദം' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഉപാധിരഹിത സ്നേഹമാണ് അരുമകൾ നൽകുന്നത്. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ അരുമകൾ സഹായിച്ച അനുഭവങ്ങൾ കമ്മിഷന് മുന്നിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സുവോളജി വിഭാഗവും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. പേർഷ്യൻ പൂച്ചകൾ, നായ്ക്കുട്ടികൾ, വിദേശ തത്തകൾ, ഗിനിപ്പന്നികൾ, പോരുകോഴികൾ, അലങ്കാര പ്രാവുകൾ, വർണമത്സ്യങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.ചിത്ര ഗോപിനാഥ് അദ്ധ്യക്ഷയായി. കൊല്ലം കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ യു. പവിത്ര, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, ഡോ.സുമലക്ഷ്മി, ഡോ. വൈ. മുംതാസ് എന്നിവർ പങ്കെടുത്തു.