photo
കുണ്ടറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നു

കൊല്ലം: കുണ്ടറക്കാർക്ക് മേഴ്സിക്കുട്ടിഅമ്മ സ്വന്തക്കാരിയാണ്, മന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും അവർക്കൊപ്പമുണ്ടായിരുന്നയാളാണ്. അതുകൊണ്ടുതന്നെ വോട്ടുതേടിയെത്തുന്ന മേഴ്സിക്കുട്ടിഅമ്മയ്ക്ക് ചുറ്റിലുമായി ആളുകൾ കൂട്ടംകൂടുകയാണ്. അവരോട് കൊച്ചുവർത്തമാനം പറഞ്ഞും വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമൊക്കെ ചോദിച്ച് നിൽക്കുമ്പോൾ ഒപ്പമുള്ള പാർട്ടിക്കാർക്കാണ് തിരക്കുകൂട്ടൽ.

കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന മേഴ്സിക്കുട്ടിഅമ്മ കൊണ്ടുവന്ന വികസന നേട്ടങ്ങളൊന്നും കുണ്ടറക്കാർ മറന്നിട്ടില്ല. പൂട്ടിക്കിടന്ന അലിൻഡിന് പുതുജീവനേകിയായിരുന്നു തുടക്കം. പിന്നെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്കുപോയ സെറാമിക്സിനെയും കെല്ലിനെയുമൊക്കെ പഴയതിലും പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവന്നതൊന്നും അത്ര ചെറിയകാര്യമാണെന്ന് ആരും പറയില്ല. താലൂക്ക് ആശുപത്രിയുടെയും വിദ്യാലയങ്ങളുടെയും ഹൈടെക് വികസനമടക്കം കുണ്ടറയിൽ കോടികളുടെ വലിയ പദ്ധതികളാണ് നാടിന്റെ സ്വന്തം മന്ത്രി എത്തിച്ചത്.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനുമായി നിറഞ്ഞുനിന്ന അഞ്ചുവർഷക്കാലത്തെ എണ്ണിയെണ്ണിപ്പറഞ്ഞാണ് മേഴ്സിക്കുട്ടിഅമ്മ വോട്ട് തേടിയിറങ്ങിയത്. എന്നാൽ വീട്ടമ്മമാരൊക്കെ അടുത്തുകൂടിയാൽ വികസനനേട്ടമല്ല, വീട്ടുകാര്യങ്ങളാണ് ചോദിക്കുക. വീഴ്ചയിൽ കൈയൊടിഞ്ഞപ്പോഴെല്ലാം സ്നേഹാന്വേഷണവുമായി മന്ത്രിയെക്കാണാൻ എത്തിയവരാണ് പലരും.

 പ്രചരണത്തിൽ മുന്നിൽ

നേരത്തെതന്നെ സ്ഥാനാർത്ഥിയെ കളത്തിലിറക്കിയതിനാൽ കുണ്ടറയിൽ ഇടതുമുന്നണിയാണ് പ്രചാരണത്തിൽ മുന്നിട്ട് നിൽക്കുന്നത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെത്തി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് മുതൽ പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. പ്രധാന കവലകൾ, കശുഅണ്ടി ഫാക്ടറികൾ, മറ്റ് തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം മേഴ്സിക്കുട്ടിഅമ്മ ഇതിനോടകം പ്രചാരണത്തിനെത്തി. ഇടതുമുന്നണി കൺവൻഷനുകൾ ഏറെക്കുറെ പൂർത്തിയാക്കി കുടുംബ യോഗങ്ങളിലേക്ക് കടക്കുകയാണ്. പൊതുയോഗങ്ങളും റോഡ് ഷോകളുമൊക്കെ വരുംദിവസങ്ങളിൽ നടക്കും.