soman

കൊട്ടാരക്കര: സമയം വൈകിട്ട് അഞ്ച്. കൊട്ടാരക്കര വൈദ്യുതി ഭവന് സമീപത്ത് വൻജനക്കൂട്ടം. അവർ അതിവേഗം മുന്നോട്ട് നടന്നുനീങ്ങുകയാണ്. കാവി ഷാൾ ധരിച്ചൊരാൾ കൈകൾ കൂപ്പിപ്പിടിച്ചാണ് ജനക്കൂട്ടത്തെ നയിക്കുന്നത്. ഒരോ കടകളിലും കയറി, ' നമസ്തേ ഞാൻ അഡ്വ. വയയ്ക്കൽ സോമൻ. ഇവിടുത്തെ എൻ.ഡി.എ സ്ഥാനാർത്ഥി'. സാധനം വാങ്ങാൻ വന്ന വീട്ടമ്മയുടെ മറുപടി ഇങ്ങനെ, ' അറിയാം സാർ'. മുഖത്ത് നിറഞ്ഞ ചിരിയോടെ വയയ്ക്കൽ സോമൻ തുടർന്ന് പറഞ്ഞു. ' സഹായിക്കണം. ഇത്തവണ നമുക്കൊരു മാറ്റം ഉണ്ടാക്കണം. താമരയാണ് അടയാളം.'

ഇടയ്ക്ക് വഴിയാത്രക്കാരോടും വോട്ട് ചോദിക്കുന്നു. പരിചയക്കാരെ കണ്ടുമുട്ടിയപ്പോൾ വീട്ടുവിശേഷങ്ങൾ ചോദിച്ചു. അപ്പോൾ അന്തരീക്ഷത്തിൽ തകർപ്പൻ പ്രസംഗം മുഴങ്ങുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരെ രൂക്ഷമായ വിമർശനം. സൗപർണിക ഓഡിറ്റോറിയത്തിൽ നിന്നാണ് ആ പ്രസംഗം. അവിടെ എൻ.ഡി.എയുടെ മണ്ഡലം കൺവെൻഷൻ നടക്കുകയാണ്. വയയ്ക്കൽ സോമനും സംഘവും അങ്ങോട്ട് തന്നെയാണ്. ഓഡിറ്റോറിയത്തിന് അടുത്തെത്താറായപ്പോൾ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പുറത്തേക്കിറങ്ങി. അവർ വയയ്ക്കൽ സോമനെ മാലയിട്ട് സ്വീകരിച്ച് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഹാളിനുള്ളിൽ കയറിയപ്പോൾ മുദ്രാവാക്യം പെരുമ്പറ പോലെ കാതടപ്പിക്കുന്ന തരത്തിലായി. സ്ത്രീകളടക്കം നൂറുകണക്കിന് പേർ എഴുന്നേറ്റ് നിന്ന് നായകനെ വരവേറ്റ് വേദിയിലേക്ക് ആനയിച്ചു.

 ചൂണ്ടിക്കാട്ടുന്നത് അടിസ്ഥാന പ്രശ്നങ്ങൾ

ഇന്നലെ രാവിലെ വയയ്ക്കൽ സോമൻ കൊട്ടാരക്കര മണ്ഡലത്തിലെ സാമുദായിക നേതാക്കളെ കണ്ടിരുന്നു. അവരിൽ പലരുമായി ഏറെ നേരം ചർച്ച നടത്തി. ഉച്ചയോടെ വെട്ടിക്കവലയിലെത്തി അസി. റിട്ടേണിംഗ് ഓഫീസർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ദയനീയാവസ്ഥ, കുളക്കട ആയുർവേദ ആശുപത്രിയുടെ ദുരവസ്ഥ ഇങ്ങനെ മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങളാണ് വയയ്ക്കൽ സോമൻ പ്രധാനമായും ഉയർത്തുന്നത്.