കൊല്ലം: കത്തുന്ന വെയിലിനെ അവഗണിച്ച്, അല്പ നേരം പോലും വിശ്രമിക്കാതെ വോട്ട് ചോദിക്കുകയാണ് സ്ഥാനാർത്ഥികൾ. വോട്ട് അഭ്യർത്ഥന പല ശൈലിയിലാണ്. പറയുന്ന കാര്യങ്ങളും വാഗ്ദാനങ്ങളും പലതാണ്. വോട്ടർമാരുടെ പ്രതികരണവും അങ്ങനെ തന്നെ. സ്ഥാനാർത്ഥിക്കൊപ്പം സഞ്ചരിച്ചാൽ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സ്പന്ദനമറിയാം. സ്വന്തം മണ്ഡലത്തിന് പുറമേ മറ്റിടങ്ങളിലെയും സ്പന്ദനമറിയാൻ വായനക്കാർക്ക് താല്പര്യമുണ്ടാകും. അതിനായി ജില്ലയിലെ എല്ലാ മുന്നണി സ്ഥാനാർത്ഥികൾക്കുമൊപ്പം സഞ്ചരിക്കുകയാണ് കേരളകൗമുദി. ഇന്ന് വാശിയേറിയ മത്സരം നടക്കുന്ന കൊട്ടാരക്കരയിലെ സ്ഥാനാർത്ഥികൾക്കൊപ്പം.
വോട്ട് ഉറപ്പിച്ച് ബാലഗോപാൽ
കൊട്ടാരക്കര: മീനച്ചൂടിൽ ഉരുകുന്ന കൊട്ടാരക്കരയിലെ പുലമൺ ജംഗ്ഷൻ. സമയം വൈകിട്ട് നാലോടടുക്കുന്നു. ചുവപ്പ് തൊപ്പിധാരികൾക്കൊപ്പം കൈ കൂപ്പി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ നടന്നുവരുന്നു. 'ഇടത് സ്ഥാനാർത്ഥിയാണ് വോട്ടുതരണം, തരും ഉറപ്പാണെന്ന് നാട്ടുകാരുടെ മറുപടി.
ഉറപ്പാണ് എൽ.ഡി.എഫ് എന്ന ബോർഡുകളും ബാനറുകളും മണ്ഡലമാകെ നിറഞ്ഞിട്ടുണ്ട്. കഥകളിയുടെ നാട്ടിൽ ബാലഗോപാലിന്റെ വരവുകണ്ട് ബസ് യാത്രക്കാരായ സ്ത്രീകൾ കൈവീശി ലൈക്കടിക്കാനും മറന്നില്ല. ചന്തമുക്ക് മുതൽ കടകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു. എല്ലായിടത്തും ഹൃദ്യമായ വരവേൽപ്പ്. ഓട്ടോറിക്ഷാ യാത്രക്കാർ വാഹനം നിറുത്തി അഭിവാദ്യത്തിനൊപ്പം വിജയാശംസയും നേരുന്നു. ഇടയ്ക്ക് സഖാക്കളുടെ കുശലം.
കൊട്ടാരക്കരയിലെ പ്രശസ്തമായ ബേക്കറിയിൽ വോട്ട് ചോദിച്ചെത്തിയ സഖാവിനും പ്രവർത്തകർക്കും വെള്ളവും ചായയും പലഹാരങ്ങളുമെല്ലാം നിറച്ച് നൽകുകയാണ് ബേക്കറി ജീവനക്കാർ. വോട്ട് ചേദിച്ചപ്പോൾ, തന്നിരിക്കുമെന്ന മറുപടി. സന്ധ്യമയങ്ങുവോളം ബാലഗോപാൽ നഗരമാകെ നടന്നുകൊണ്ടേയിരുന്നു.
കേരളം വീണ്ടും ചുവക്കും
കൊട്ടാരക്കര വീണ്ടും ചുവപ്പണിയും. ജനങ്ങളുടെ ആവശ്യങ്ങൾ ഇത്രയേറെ നടപ്പാക്കിയ മറ്റേത് സർക്കാരുണ്ട്. കേരളത്തിലാകെ ഇടതുമുന്നണി വിജയം ആവർത്തിക്കും. മണ്ഡലമാകെ ഇടതുമുന്നണി തരംഗമാണ്. ഐഷാപോറ്റി നടപ്പാക്കിയ വലിയ വികസനം കൊട്ടാരക്കരയിൽ ഇടതുമുന്നണിക്ക് വലിയ സ്വീകാര്യതയാണുണ്ടാക്കിയതെന്ന് ബാലഗോപാൽ പറഞ്ഞു.