ryadh-s-kunnikodu-photo
പടം

കുന്നിക്കോട് : 19-ആം വാർഡിൽ റജീന മൻസിലിൽ താമസിക്കുന്ന ഷഹുബാനത്ത് ബീവിയുടെ വീട്ടിലെ കിണറിന് സമീപമുള്ള കക്കൂസ് കുഴി മൂടണമെന്നാവശ്യപ്പെട്ട് വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കും പരാതി കൊടുത്തിട്ടും നാളിതുവരെ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മയായ ഷഹുബാനത്ത് ബീവി വിളക്കുടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

കിണറ്റിൽ കക്കൂസ് മാലിന്യം കലരുന്ന വിധത്തിൽ കക്കൂസ് കുഴി നിർമ്മിച്ച് കുടിവെള്ളം മലിനമാക്കുന്ന അയൽവാസിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിളക്കുടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. ഷഹുബാനത്തിന്റെ കിണറിനോട് ചേർന്ന് അയൽവാസിയായ കുന്നിക്കോട് തുണ്ടുവിളവീട്ടിൽ സിയാദ് പത്ത് മാസങ്ങൾക്ക് മുൻപാണ് കക്കൂസ് കുഴി നിർമ്മിച്ചത്. കിണറ്റിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ ഷഹുബാനത്ത് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലരുന്നതായി കണ്ടെത്തി. തുടർന്ന് ഷഹുബാനത്ത് ജില്ലാകളക്ടർക്ക് പരാതി നൽകുകയും കളക്ടർ കക്കൂസ് കുഴി മൂടിക്കൊടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിനായി ഷഹുബാനത്ത് പഞ്ചായത്തിനെ സമീപിച്ചെങ്കിലും സെക്രട്ടറി കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാതെ എതിർകക്ഷിയെ സമീപിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനെതിരേ ഷഹുബാനത്ത് പരാതി നൽകിയെങ്കിലും മണ്ണ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ നടപടി സ്വീകരിയ്ക്കാൻ കഴിയൂ എന്ന് സെക്രട്ടറി നിലപാടെടുത്തു. കക്കൂസ് കുഴി ശുദ്ധമായ മണ്ണിട്ട് മൂടി പരാതിക്കാരിയുടെ കിണർ സംരക്ഷിയ്ക്കണമെന്ന റിപ്പോർട്ട് വന്നിട്ടും കക്കൂസ് കുഴി മൂടാൻ പഞ്ചായത്ത് തയ്യാറാകാത്തതിനെത്തുടർന്നാണ് ഷഹുബാനത്ത് കിഡ്നി രോഗിയായ കൊച്ചുമകനുമൊത്ത് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.വിവരമറിഞ്ഞ് ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങളായ ബി.ഷംനാദ്, സുനി സുരേഷ്, സൗമ്യാ ഫിലിപ്പ്, ലീനാ സുരേഷ്, ധന്യാ പ്രദീപ് എന്നിവരും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൻമാരായ എ.വഹാബ്, വൈ.നാസർ, അനീസ്, അൻവർഷാ, അജിതാ സുരേഷ്, അമ്പിളി ശിവപ്രസാദ്, ബി.ഷഫീഖ്, റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരും ഉപരോധത്തിന് പിന്തുണയുമായെത്തി. സ്ഥലത്തെത്തിയ കുന്നിക്കോട് പൊലീസ് കക്കൂസ് കുഴി മൂടാൻ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയതൊടെ 7 ദിവസത്തിനുള്ളിൽ കുഴി മൂടണമെന്ന് നിർദ്ദേശിച്ച് പഞ്ചായത്ത് സെക്രട്ടറി സ്ഥലമുടമയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി.അതോടെ വീട്ടമ്മയും സംഘവും ഉപരോധം അവസാനിപ്പിച്ച് മടങ്ങി. ഏഴ് ദിവസത്തിന് ശേഷം കക്കൂസ് കുഴി മൂടാൻ പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ പഞ്ചായത്തിന് മുന്നിൽ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ അതിശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിളാ സംഘടനാ നേതാക്കളായ അമ്പിളി ശിവപ്രസാദ്, അജിതാ സുരേഷ് എന്നിവർ അറിയിച്ചു.