kunnathoor
കുന്നത്തൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ വരണാധികാരി ബി.ഡി.ഒ റംജിതിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നു

ശാസ്താംകോട്ട : നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായതോടെ കുന്നത്തൂരിൽ അങ്കം മുറുകി. എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദും യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരും വ്യാഴാഴ്ചയും ഇടതുമുന്നണി സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ ഇന്നലെയുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

വരണാധികാരി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ റംജിതിന് മുന്നിലാണ് കോവൂർ കുഞ്ഞുമോൻ പത്രിക സമർപ്പിച്ചത്. നേതാക്കളായ പി.കെ ഗോപൻ, അൻസർ ഷാഫി, എം. ശിവശങ്കരപ്പിള്ള, ടി.ആർ. ശങ്കരപ്പിള്ള, ആർ.എസ്. അനിൽ, ടി. അനിൽ, ഉഷാലയം ശിവരാജൻ, സാബു ചക്കുവള്ളി, എസ്. ദിലീപ്കുമാര്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർച്ചയായി നാലു തവണ വിജയിച്ച കോവൂർ കുഞ്ഞുമോൻ ഇത് അഞ്ചാം തവണയും ഉല്ലാസ് കോവൂരും രാജി പ്രസാദും രണ്ടാം തവണയുമാണ് മത്സര രംഗത്തുള്ളത്. കോവൂർ കുഞ്ഞുമോനും ഉല്ലാസ് കോവൂരും ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. ഉല്ലാസ് കോവൂർ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലും പള്ളിശേരിക്കൽ, ഐ.സി.എസ് എന്നിവിടങ്ങളിലെ മുസ്ലിം പള്ളികളിലും സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. രാജി പ്രസാദ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലും മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി.