
കൊല്ലം: മുൻമന്ത്രിയും കേരളാ കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയെ ശ്വാസതടസത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനാൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മുൻപ് കൊവിഡ് വാക്സിനെടുത്തശേഷം അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ശ്വാസതടസം വർദ്ധിച്ചതോടെ കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. മകനും പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ കെ.ബി. ഗണേശ് കുമാറും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് സൂചന. ഏപ്രിൽ 4ന് എൺപത്തേഴാം പിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനാണ് പിള്ള.